മനാമ: ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഫാസിസത്തിന്റെ കടന്നു കയറ്റം തടയാന്‍ സമാന മനസ്കരായ മതേതര കക്ഷികളടക്കമുള്ളവര്‍ ചേര്‍ന്ന് ഫാസിസ്റ്റ് വിരുദ്ധ ചേരി ശക്തിപ്പെടുത്തേണ്ടത അനിവാര്യമാണെന്ന് നിയുക്ത എംപിയും മലപ്പുറം പാര്‍ലമെന്റ് അംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ബഹ്‌റൈനില്‍ വിവിധ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റ് കക്ഷികള്‍ക്ക് ഇന്ത്യയുടെ മതേതരത്വത്തെ തകര്‍ത്ത് മുന്നോട്ട് പോകാന്‍ സാധിക്കുകയില്ല. അത്രവേഗം കീഴ്‌പ്പെടുന്ന മതേതര മനസ്സല്ല ഇന്ത്യക്കാര്‍ക്കുള്ളത്. എല്ലാ മത സമൂഹങ്ങളും ഒന്നിച്ച് നിന്ന് രാജ്യത്തെ വളര്‍ത്തിയ പാരമ്പര്യമാണ് നൂറ്റാണ്ടുകളായി ഇന്ത്യ നിലനിര്‍ത്തുന്നത്. ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം കീഴൊതുങ്ങാന്‍ ഇവിടുത്തെ മതേതര പാര്‍ട്ടികള്‍ സമ്മതിക്കില്ല. രാജ്യം കാത്തുസൂക്ഷിച്ച മതേതരത്വവും മത സഹിഷ്ണുതയും നിലനിര്‍ത്തുന്നതിന് ഒന്നിച്ച് നില്‍ക്കാനും പ്രവര്‍ത്തിക്കാനും സാധിക്കേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ തമ്മില്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും അവരെ മതേതര ചേരിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും മുസ്‌ലിം ലീഗ് ശ്രമിക്കുന്നുണ്ടെന്ന് ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഫ്രണ്ട്സ് പ്രസിഡന്റ് ജമാല്‍ നദ്‌വി ഇരിങ്ങല്‍, വൈസ് പ്രസിഡന്റ് ഇ.കെ.സലീം, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.അബ്ബാസ്, അബ്ദുല്‍ മജീദ് തണല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുമായും സംഘം കൂടിക്കാഴ്ച നടത്തി. കേരളം ഇന്ത്യക്കു പലനിലയ്ക്കും മാതൃകയാണെന്നും രാഷ്ട്രീയ രംഗത്തും അത്തരത്തിലുള്ള മാതൃക ആവശ്യമാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വര്‍ഗീയതക്കെതിരെ കേരളം ഒറ്റക്കെട്ടായി പല സന്ദര്‍ഭങ്ങളിലും നിലക്കൊണ്ടിട്ടുണ്ട്. ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്നു കുഞ്ഞാലിക്കുട്ടി വിശദമാക്കി. ചിലര്‍ നല്ല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ അവരുടെ കൈയിലിരിപ്പ് അങ്ങേയറ്റം മോശമാണെന്നു തെളിയുന്നു. മതേതരത്വത്തിനു വേണ്ടി പ്രവര്‍ത്തിച്ചു കാണിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം ഡിജിറ്റല്‍ പവറിലേക്ക് അതിവേഗം മാറുകയാണ്. ഡല്‍ഹി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക മുന്നേറ്റമുണ്ടാക്കിയതു ഗുജറാത്തല്ല, കേരളമാണ്. താന്‍ ഐടി വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്തു കേരളത്തെ ഡിജിറ്റല്‍ സ്‌റ്റേറ്റാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രവാസ ലോകത്ത് എണ്ണ വിലത്തകര്‍ച്ച തൊഴിലവസരങ്ങള്‍ കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പുതിയ വഴികള്‍ തുറന്നുകൊടുക്കും എന്നതാണു ദൈവ നീതി. നാട്ടില്‍ തിരിഞ്ഞു കളിക്കാന്‍ കഴിയാത്തവരാണു മലയാളികള്‍. അവസരങ്ങള്‍ തേടി കണ്ടെത്തിയവരാണവര്‍. ആദ്യം മലേഷ്യയിലേക്കും റങ്കൂണിലേക്കും അവര്‍ സഞ്ചരിച്ചു. പിന്നീടാണു ഗള്‍ഫിന്റെ ആകര്‍ഷണമുണ്ടായത്. ഇനി ചിലപ്പോള്‍ ആഫ്രിക്കയിലേക്കായിരിക്കും അവര്‍ സഞ്ചരിക്കുക. എവിടെ ചെന്നാലും സ്മാര്‍ട്ടായിരിക്കുക എന്നതായിരിക്കണം മലയാളികളുടെ ദൗത്യം. മലയാളിയെന്ന വികാരം എവിടെ ചെന്നാലും നമുക്കുണ്ട്. നമ്മുടെ മണ്ണ് അത്രയും സെക്യൂലറാണ്-കുഞ്ഞാലി കുട്ടി കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക വാര്‍ഷികാഘോഷത്തില്‍ അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ