/indian-express-malayalam/media/media_files/uploads/2017/04/Abdu-rahiman-randaathani-muslim-league.jpg)
റിയാദ് : വേങ്ങരയിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് അബ്ദുറഹിമാൻ രണ്ടത്താണി. നിയമസഭയിൽ പി.കെ.കുഞ്ഞാലികുട്ടിക്ക് പകരക്കാരനായി ഉണ്ടാകാൻ ഉപതിരഞ്ഞെടുപ്പ് വരുന്ന വേങ്ങര മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് രണ്ടത്താണിയുടെ പ്രതികരണം. സന്ദർശനത്തിനായി റിയാദിലെത്തിയ അദ്ദേഹം ഐ ഇ മലയാളത്തോടാണ് ഇക്കാര്യം പറഞ്ഞത്.
വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലീഗിന്റെ സ്ഥാനാർത്ഥികളായി പല പേരുകൾ ഉയരുന്നു.അതിൽ പ്രധാനപ്പെട്ട പേരുകളിൽ അബ്ദുറഹിമാൻ രണ്ടത്താണി പേരുമുണ്ട്. കെ പി എ മജീദ്, കെ എൻ എ​ ഖാദർ, സമദാനി എന്നിവരുടേതാണ് മറ്റുപേരുകൾ.
"നിലവിൽ നിയമസഭയിലുള്ള എല്ലാ ലീഗ് എം.എൽ.എ മാരും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. വേങ്ങരയിൽ എല്ലാ ഘടകങ്ങളും നോക്കിയായിരിക്കും പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. ആര് മത്സരിക്കാൻ പാർട്ടി പറഞ്ഞാലും താനുൾപ്പടെയുള്ള എല്ലാ മുസ്ലിം ലീഗിന്റെ പ്രവർത്തകരും പാർട്ടി തീരുമാനം മാനിക്കാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ എല്ലാ അസംബ്ലി മണ്ഡലങ്ങളും ഐക്യ ജനാധിപത്യ മുന്നണിക്ക് സുരക്ഷിതമാണെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ നിങ്ങൾക്ക് ജനങ്ങളെ എതിരാക്കാൻ കഴിഞ്ഞു എന്ന് വിമോചന സമരകാലത്ത് നെഹ്റു ഇ.എം.എസിനോട് ചോദിച്ച ചോദ്യം ആവർത്തിക്കപ്പെടുകയാണ് ഇന്ന് കേരളത്തിൽ" അദ്ദേഹം പറഞ്ഞു.
"ബി.ജെ.പി ക്ക് ബദലാകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും കോൺഗ്രസിനൊപ്പം നിൽക്കുന്നവർക്കും മാത്രമേ കഴിയൂ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് വിജയം. ജനാധിപത്യത്തിന്റെ ആയുധം ബാലറ്റാണെന്നും വർഗീയതയും തീവ്രവാദവും അല്ല" അബ്ദുറഹിമാൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.
വാർത്ത: നൗഫൽ പാലക്കടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.