മനാമ: ബഹ്‌റൈനിലെ പ്രവാസി സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ‘പാട്ടൂകൂട്ട’ത്തിന്റെ നേതൃത്വത്തില്‍ ‘നോട്‌സ് ഇറ്റേണല്‍’ എന്ന പേരില്‍ സംഗീതസന്ധ്യ സംഘടിപ്പിക്കും. ഈമാസം 12ന് വൈകീട്ട് 7.30ന് ഇന്ത്യന്‍ ക്ലബില്‍ നടക്കുന്ന പരിപാടിക്ക് അനശ്വര സംഗീത സംവിധായകന്‍ എം.എസ്.ബാബുരാജിന്റെ കൊച്ചുമകള്‍ നിമിഷ സലിം നേതൃത്വം നല്‍കും. മലയാളത്തിലും ഹിന്ദിയിലുമുള്ള മെലഡികള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടിയില്‍ പ്രശസ്ത തബല വാദകനായ അക്ബറിനു പുറമെ ബഹ്‌റൈനിലെ പ്രമുഖ കലാകാരന്‍മാരും അണിനിരക്കും. പ്രവേശനം സൗജന്യം.

ഇന്ത്യന്‍ ക്ലബും സയാനി മോട്ടോഴ്‌സുമായി സഹകരിച്ചാണ് പരിപാടി. ബോംബെ എസ്.കമാല്‍ മുതല്‍, പാക്കിസ്ഥാനി ഗായകനായ ഫര്‍ഖ് അലി ഖാന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഗീത പരിപാടികള്‍ ‘പാട്ടുകൂട്ടം’ മുമ്പ് നടത്തിയിട്ടുണ്ട്. നിമിഷയുടെ സംഗീത നിശ ഇത് രണ്ടാം തവണയാണ് പാട്ടുകൂട്ടം സംഘടിപ്പിക്കുന്നത്.

സംഗീത മേഖലയില്‍ ദീര്‍ഘകാലം തൊഴിലെടുത്തിട്ടും ജീവിത സായാഹ്‌നത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കായി ‘പാട്ടുകൂട്ടം’ പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. അരനൂറ്റാണ്ടായി തബല വാദകനായ മണക്കാട് മണിക്കാണ് പെന്‍ഷന്‍ തുകയായി പ്രതിമാസം 2000 രൂപ നല്‍കി തുടങ്ങിയതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 75 വയസുള്ള മണി ഇപ്പോള്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയില്‍ ഭാര്യാസമേതം തിരുവനന്തപുരത്ത് കഴിയുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ‘പാട്ടൂകൂട്ടം’ കേരളീയ സമാജവുമായി ചേര്‍ന്ന് നടത്തിയ പിന്നണി ഗായിക ലതികയുടെ സംഗീത പരിപാടിക്കിടെയാണ് പെന്‍ഷന്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്. വിവരങ്ങള്‍ക്ക്: 34146808.

കൊയിലാണ്ടി കൂട്ടം ആറാം വാര്‍ഷികം 11 ന്
മനാമ: കൊയിലാണ്ടി താലൂക് നിവാസികളുടെ ഗ്ലോബല്‍ ഫെയ്സ്ബുക്ക് കൂട്ടായ്മയായ ‘കൊയിലാണ്ടി കൂട്ടം’ ആറാം വാര്‍ഷികം 11 വ്യാഴാഴ്ച ബഹ്‌റൈനില്‍ നടക്കും. വൈകിട്ട് 7 മുതല്‍ പാക്കിസ്ഥാന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ ‘ഫന്തരീന ഫെസ്റ്റ് 2017’ എന്ന് നാമകരണം ചെയ്ത പരിപാടി നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൊയിലാണ്ടിയുടെ പഴയകാല പേരാണ് ഫന്തരീന. നാട്ടില്‍ നിന്നും ആസിഫ് കാപ്പാട്, നിസാര്‍ വയനാട്, അഫ്‌സല്‍ ബിലാല്‍, സുശീല്‍ കുമാര്‍ ടീം അടങ്ങിയ ‘കാവ മ്യൂസിക് ബാന്‍ഡ് ‘ പരിപാടിയില്‍ പങ്കെടുക്കാാന്‍ എത്തും. കൂടാതെ ബഹ്‌റൈനിലെ ഗായികാഗായകരും കലാകാരന്മാരും കുട്ടികളും പങ്കെടുക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടാകും.

പ്രവേശനം സൗജന്യം. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 33750999, 36811330, 33049498.

കൊയിലാണ്ടി കൂട്ടം ആറാം വാര്‍ഷികം പ്രമാണിച്ചു ഗ്ലോബല്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്കിലെ നിര്‍ധരരായ 1500 കുട്ടികള്‍ക്ക് ‘കുഞ്ഞു മനസ്സുകള്‍ക്ക് കുട്ടിസമ്മാനം’ എന്ന പേരില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് സ്‌കൂള്‍ കിറ്റ് വിതരണം നിര്‍വഹിച്ചത്. എല്ലാവര്‍ഷവും നടത്തിവരാറുള്ള കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായാണ് ഇ ചടങ്ങു സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 150 രോഗികള്‍ക്കുള്ള സഹായം മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിതരണം ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ