അബുദാബി: അബുദാബിയിലെ അല്‍ ബത്തീന്‍ പ്രദേശത്ത് നിര്‍മാണത്തിലുള്ള മുസ്ലിം പള്ളിയുടെ ഒരു ഭാഗം തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരുക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട സ്ഥലത്തുണ്ടായിരുന്നവരെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ഒഴിപ്പിച്ചു. തുടര്‍ന്നു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. സംഭവത്തില്‍ ആര്‍ക്കും ഗുരതരമായി പരുക്കേറ്റിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.
അബുദാബി പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്റര്‍ ഓഫ് ഓപ്പറേഷന്‍സ് മാനേജ്മെന്റ് ‘ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ പൊലീസും മറ്റ് ഏജന്‍സികളും കുതിച്ചെത്തുകയായിരുന്നു. സ്ഥലത്തെ അപകടസാധ്യതകള്‍ നീക്കം ചെയ്തു. കെട്ടിടം തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.
ആരും അപകട സ്ഥലത്തേക്കു പോകരുതെന്നു പൊലീസ് നിര്‍ദേശിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളില്‍നിന്നു മാത്രം വിവരം തേടാനും വിശ്വസനീയവുമായ മാധ്യമ സ്രോതസുകളില്‍നിന്നുള്ള വാര്‍ത്തകളെ ആശ്രയിക്കാനും പൊലീസും സിവില്‍ ഡിഫന്‍സ് അതോറിറ്റിയും അഭ്യര്‍ഥിച്ചു. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.