റിയാദ്: എട്ടു മാസത്തിനിടെ മൂന്നര ലക്ഷത്തിലേറെ ഇഖാമ, തൊഴിൽ നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് ശിക്ഷകൾ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച ശേഷം നവംബർ 15 മുതൽ കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കാലത്ത് 3,58,604 നിയമ ലംഘകരെയാണ് സൗദിയിൽ നിന്ന് നാടുകടത്തിയത്.

ഇക്കാലയളവിൽ ആകെ 13,99,214 നിയമ ലംഘകർ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തിൽ 10,50,393 പേർ ഇഖാമ നിയമ ലംഘകരും 2,37,686 പേർ തൊഴിൽ നിയമ ലംഘകരും 1,11,135 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.

എട്ടു മാസത്തിനിടെ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 22,314 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 52 ശതമാനം പേർ യെമനികളും 45 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ അയൽ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 930 പേരെയും എട്ടു മാസത്തിനിടെ പിടികൂടി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും ചെയ്തുകൊടുത്തതിന് 2284 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഇതേ കുറ്റത്തിന് 458 സൗദി സ്വദേശികളും പിടിയിലായി. ഇവരിൽ 429 പേരെ ശിക്ഷാ നടപടികൾ സ്വീകരിച്ച് വിട്ടയച്ചു. 29 പേർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്.

നിലവിൽ 11,622 ഇഖാമ, തൊഴിൽ നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ നടന്നുവരുന്നു. ഇക്കൂട്ടത്തിൽ 9317 പേർ പുരുഷന്മാരും 2305 പേർ വനിതകളുമാണ്. ഇതിനകം 2,42,203 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളില്ലാത്ത 1,95,688 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ചു. 2,44,805 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാർത്ത: സിജിൻ കൂവള്ളൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook