/indian-express-malayalam/media/media_files/uploads/2017/06/saudi-amnesty-1.jpg)
റിയാദ് : നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലവാചകത്തിൽ സൗദി അറേബ്യയിൽ മാർച്ച് 29 മുതൽ പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് വരെ ഉപയോഗപ്പെടുത്തിയത് ഇന്ത്യാക്കുൾപ്പടെ 3,45,089 പേർ. മൂന്ന് മാസമാണ് പൊതുമാപ്പിന് അനുവദിച്ചിട്ടുളള​ കാലാവധി. അത് കഴിയാറാകുകയാണ്. ഇനി ഏതാനും ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. അതിനുശേഷം പൊതുമാപ്പിന് അർഹതയുണ്ടാകില്ല.
ഉംറ വിസയിലെത്തി കാലാവധി അവസാനിച്ചു രാജ്യത്ത് കുടുങ്ങിയവർ, ഹജ്ജ് വിസയിൽ എത്തി തിരിച്ച് പോകാതെ രാജ്യത്ത് തങ്ങിയവർ, അതിർത്തി നിയമംങ്ങൾ ലംഘിച്ച് രാജ്യത്തേക്ക് പ്രവേശിച്ചവർ, സന്ദർശക വിസയിലെത്തി സമയത്തിന് മടങ്ങാതെ വിസ അസാധുവായവർ, ഹുറൂബ് (ഒളിച്ചോടിയെന്ന്തൊഴിലുടമ പരാതി നൽകിയവർ), ഇഖാമ കാലാവധി കഴിഞ്ഞിട്ടും പുതുക്കാനാവാതെ രാജ്യത്ത് തങ്ങിയവർ തുടങ്ങിയവരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്.
നിയമ ലംഘകരായി ഇനിയും രാജ്യത്ത് തങ്ങുന്നവരുണ്ടെങ്കിൽ ഈ ആഴ്ച തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. പെരുന്നാൾ അവധി ആരംഭിക്കുന്നതോടെ പൊതുമാപ്പിന് അനുവദിച്ച സമയം അവസാനിക്കും.
പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ ശക്തമായ പോലീസ് പരിശോധന ഉണ്ടാകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം നേരത്തെ അറിയിച്ചിട്ടുണ്ട്. അനധികൃതമായി ഇനിയും രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തിയാൽ പിഴയും, തടവ് ശിക്ഷയും അനുഭവിച്ചതിന് ശേഷം തിരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാകും തിരിച്ചയക്കുക.
സൗദി അറേബ്യയിൽ നിയമലംഘകരായി ഇന്ത്യക്കാർ ഉണ്ടെങ്കിൽ എംബസിയെ സമീപിക്കണമെന്നും ഇനിയും അവസാന സമയത്തേക്കായി കാത്ത് നിൽക്കാതെ ഉടൻ അപേക്ഷിച്ച് ഔട്ട് പാസ് നേടി രാജ്യം വിടണമെന്നും എംബസി അധികൃതർ ആവർത്തിച്ചു.
വാർത്ത : നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.