മനാമ: സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതിന് നടപടിയെടുക്കാന്‍ ബഹ്‌റൈന്‍ മന്ത്രിസഭ യോഗം നിര്‍ദേശിച്ചു. നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ രാജ്യത്തിന്റെ ആധുനിക വല്‍ക്കരണത്തിനും പുരോഗതിക്കും കാരണമായെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറിന്റെ 16-ാമത് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക് ആശംസ നേര്‍ന്നു. ജനാധിപത്യം, പുരോഗതി, മനുഷ്യാവകാശം, സുതാര്യത എന്നിവ ഉറപ്പുവരുത്താന്‍ ചാര്‍ട്ടര്‍ വഴി സാധിച്ചിട്ടുണ്ടെന്ന് കാബിനറ്റ് വിലയിരുത്തി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ബഹ്‌റൈന്‍ സന്ദര്‍ശനം കാബിനറ്റ് സ്വാഗതം ചെയ്തു.

‘വേള്‍ഡ് അറബ് ഹോഴ്‌സ് സമ്മേളനം’ ബഹ്‌റൈനില്‍ സംഘടിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. ഹമദ് രാജാവിന്റെ രക്ഷാധികാരത്തിലാണ് സമ്മേളനം നടന്നത്. ചെറുകിട, ഇടത്തരം മേഖലകളില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള നീക്കം നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. വിവിധ എക്‌സിബിഷനുകള്‍ ഇതിനായി നടത്തണം.

‘അറബ് സ്ത്രീരത്‌ന അവാര്‍ഡ്’ കരസ്ഥമാക്കിയ ബഹ്‌റൈന്‍ വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സണും ഹമദ് രാജാവിന്റെ പത്‌നിയുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫക്ക് പ്രധാനമന്ത്രി ആശംസ നേര്‍ന്നു. മനാമ ഈ വര്‍ഷത്തെ ‘അറബ് വനിതാ തലസ്ഥാന’മായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു.

രാജ്യത്ത് സമാധാനം സ്ഥാപിക്കുന്നതിനായി യത്‌നിക്കുന്ന സുരക്ഷാ വിഭാഗത്തെയും സൈനികരെയും അദ്ദേഹം പ്രശംസിച്ചു. എല്ലാ വിഭാഗീയതീവ്രവാദ പ്രവര്‍ത്തനങ്ങളെയും പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ ഹെല്‍ത്ത് സെന്ററുകളില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് വേഗത്തില്‍, മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനു നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.

തുര്‍ക്കിയുമായുള്ള സഹകരണത്തിന്റെ വിശദാംശങ്ങള്‍ ബഹ്‌റൈന്‍-തുര്‍ക്കി സംയുക്ത സമിതിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബാങ്കിങ്, സാമ്പത്തികം, പാര്‍പ്പിടം, അടിസ്ഥാന സൗകര്യ വികസനം, ഐ.ടി, വിദ്യാഭ്യാസം, ടൂറിസം, ആരോഗ്യം, യുവജനം, സ്‌പോര്‍ട്‌സ് എന്നീ മേഖലകളിലാണ് സഹകരണം രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട യോഗം മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ അങ്കാറയില്‍ ചേരുമെന്ന് ധനമന്ത്രി അറിയിച്ചു. അഞ്ച് അന്താരാഷ്ട്ര കരാറുകളില്‍ ബഹ്‌റൈന്‍ പങ്കാളിയാകുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ