മനാമ: മുഖ്യമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹ്റൈനിൽ നടന്ന ചർച്ചയിൽ കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സാധ്യത തെളിഞ്ഞു. ഇന്നലെ മനാമ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടന്ന ‘ബഹ്‌റൈന്‍കേരള വ്യാപാര നിക്ഷേപ ഫോറ’ത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച് വ്യവസായികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്.
‘ബഹ്‌റൈന്‍-കേരള വ്യാപാര ബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മോഡറേറ്ററായി. നിക്ഷേപ സൗഹൃദാന്തരീക്ഷം രൂപപ്പെടുന്ന ഇടമെന്ന നിലയില്‍ കേരളത്തില്‍ കൂടുതല്‍ പദ്ധതികള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. നൈതികമായ ഇടപാടുകളില്‍ ഊന്നുന്ന ആശയം എന്ന നിലയില്‍ ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ യാഥാര്‍ഥ്യമാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഖാലിദ് അസ്സയാനി പറഞ്ഞു. ബഹ്‌റൈന്‍ ഇസ്ലാമിക് ബാങ്കിങിന്റെ കേന്ദ്രമാണ്. വളരെ വിജയകരമായ രീതിയിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അത്തരം പദ്ധതികള്‍ ഇന്ത്യയിലും ആലോചിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈനിലും കേരളത്തിലും കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വര്‍ഗീസ് കുര്യന്‍ പറഞ്ഞു. പ്രവാസി വ്യവസായികള്‍ക്ക് അനുയോജ്യമായ അന്തരീക്ഷവും ഭരണകൂട പിന്തുണയുമാണ് ബഹ്‌റൈനില്‍ തുടരാനുള്ള പ്രേരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സ്ഥാപനത്തില്‍ പകുതിയിലധികവും മലയാളികളാണെന്നും അതുകൊണ്ട് കേരളവും മലയാളികളുമായി തനിക്ക് സവിശേഷമായ ബന്ധമാണുള്ളതെന്നും ഖാലിദ് അല്‍അമീന്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പുതിയ നിരവധി പദ്ധതികള്‍ വിജയകരമായി നടക്കുന്നുണ്ടെന്ന കാര്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കോര്‍ട്ട് ഓഫ് ക്രൗണ്‍പ്രിന്‍സ് ദായ്ജി അല്‍ ഖലീഫ വിശിഷ്‌ടാതിഥിയായി. ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) ഫസ്റ്റ് വൈസ് ചെയര്‍മാന്‍ ഖാലിദ് അസ്സയാനി, ബി.സി.സി.ഐ.ബോര്‍ഡ് മെംബര്‍ ഖാലിദ് അല്‍അമീന്‍, പ്രവാസി വ്യവസായികളായ എം.എ യൂസഫലി, രവിപിള്ള, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ എന്നിവര്‍ സംസാരിച്ചു. പിണറായി വിജയനെക്കുറിച്ചും കേരളത്തെക്കുറിച്ചും വീഡിയോ പ്രസന്റേഷന്‍ നടത്തി.
അല്‍നമല്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് കുര്യന്‍, ഖാലിദ് അസ്സയാനി, ഖാലിദ് അല്‍അമീന്‍, കിംസ് ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.ഷെറീഫ് എം.സഹദുല്ല എന്നിവര്‍ പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി മോഡറേറ്ററായി.