എമിറേറ്റിലെ അൽതംറയിൽ നൂതന സംവിധാനങ്ങളോടെ നിർമ്മിക്കുന്ന സെൻട്രൽ ജയിലിന്റെ ആദ്യഘട്ടം പൂർത്തിയായി. 40 കോടി ദിർഹമാണ് ജയിലിന്റെ നിർമാണ ചെലവ്. 17,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള ജയിലിൽ വനിതകൾ, പുരുഷന്മാർ, ജീവനക്കാർ എന്നിവർക്കായി പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കും. 3000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ് പുതിയ ജയിൽ.

മൂന്നു നിലകളിലായാണു പുരുഷന്മാരുടെ വിഭാഗം ഒരുക്കിയിരിക്കുന്നത്. 16 സെല്ലുകൾ, ഫുഡ്‌കോർട്ട്, പ്രാർഥനാ മുറി, വിശ്രമകേന്ദ്രം, ലൈബ്രറി, വർക്‌ഷോപ്പ് എന്നിവയുമുണ്ട്. തടവുകാരെ സന്ദർശിക്കാനുള്ള സ്‌ഥലം, കൺട്രോൾ റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ ജയിലിലുണ്ട്. വിവിധ കോണുകളിൽനിന്ന് ദൃശ്യങ്ങൾ പകർത്താനാവുന്ന ക്യാമറകൾ, പൂട്ടാനും തുറക്കാനും കേന്ദ്രീകൃത സംവിധാനമുള്ള ഗേറ്റുകൾ തുടങ്ങി നിരവധി സംവിധാനങ്ങൾ ഈ സെൻട്രൽ ജയിലിലുണ്ട്. ആകെയുള്ള എട്ടുമുറികളും ക്യാമറ നിരീക്ഷണത്തിലാണ്. നിലവിൽ 2100 പേരെ ഇവിടെ പാർപ്പിക്കാം.

രോഗികളെ പാർപ്പിക്കാനായി പ്രത്യേക മേഖലയും ഒരുക്കിയിട്ടുണ്ട്.ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സേവനവും ലഭ്യമാണ്. കൂടാതെ ശസ്ത്രക്രിയാ മുറിയും ഫാർമസിയുമുണ്ട്. ജയിലിൽ വിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യകൾ അഭ്യസിക്കാനും സൗകര്യമൊരുക്കും.

1981ൽ നിർമിച്ച പഴയ ജയിൽ പൊളിച്ചാണു പുതിയത് പണിയുന്നത്. ഉദ്‌ഘാടന പരിപാടിയിൽ കേണൽ ഖലീഫ അൽ മെറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്‌ഥർ പങ്കെടുത്തു.ജയിൽ നവീകരണ പദ്ധതി അഞ്ചുവർഷം കൊണ്ടു പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നു കേണൽ അൽ മെറി പറഞ്ഞു. തെറ്റുതിരുത്തി തിരികെ ജീവിതത്തിലേക്കു മടങ്ങിവരാൻ തടവുകാരെ പ്രാപ്‌തമാക്കുന്ന മാതൃകാകേന്ദ്രം എന്നനിലയിലേക്ക് ഇതിനെ മാറ്റും. ജയിലിനെ രാജ്യാന്തര നിലവാരത്തിലാക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകിയെന്നും സൂചിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ