മനാമ: മദ്യ നയത്തില്‍ യുഡിഎഫില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഷിബു ബേബി ജോണ്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് അവരുടെ പാര്‍ട്ടി തന്നെ അറിയിച്ചതാണ്. കെ.മുരളീധരന്റെ അഭിപ്രായ പ്രകടനം വളച്ചൊടിക്കുകയായിരുന്നു. മുരളിക്കും ഇക്കാര്യത്തില്‍ ഔദ്യോഗിക നിലപാടാണുള്ളത്. മദ്യനയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടാണ്. ബഹ്‌റൈനില്‍ എത്തിയ ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പൂര്‍ണമായും അട്ടിമറിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഭരണത്തിലേറും മുമ്പ് അബ്കാരികള്‍ക്ക് ഇടതുപക്ഷം നല്‍കിയ വാക്കാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്. അതിനായി കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മദ്യവിഷയത്തില്‍ ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളാണ് യുഡിഎഫ് തുടര്‍ന്ന് വന്നത്. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ചാരായം നിരോധിച്ചു. തുടര്‍ന്നുണ്ടായ തിരഞ്ഞെടുപ്പില്‍, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ചാരായ നിരോധനം പിന്‍വലിക്കുമെന്നായിരുന്നു ഇടതുപക്ഷ വാഗ്ദാനം. അവര്‍ അധികാരത്തില്‍ വന്നെങ്കിലും ജനരോഷം ഭയന്ന് ആ തീരുമാനം നടപ്പാക്കാനായില്ല. കേരളത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ടൂറിസം രംഗം തകരാതിരിക്കാനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യലഭ്യത നിലനിര്‍ത്തിയത്. ഇത് കേന്ദ്രനയത്തിന്റെ ചുവടുപിടിച്ച് ചെയ്തതാണ്. എന്നാല്‍, ഘട്ടം ഘട്ടമായി മദ്യലഭ്യത കുറയ്ക്കുക എന്നതായിരുന്നു പ്രഖ്യാപിത നയം. അത് നടപ്പാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യ ഉപഭോഗം 43 ശതമാനമാണ് കുറഞ്ഞത്. എല്ലാ കുറ്റകൃത്യങ്ങളിലും മദ്യം പ്രതിസ്ഥാനത്താണ്. യുഡിഎഫ് സര്‍ക്കാര്‍ മദ്യലഭ്യത കുറച്ച ശേഷം കുറ്റകൃത്യനിരക്ക് കുറഞ്ഞു. റോഡപകടങ്ങള്‍ കുറഞ്ഞു. ഇതൊന്നും പരിഗണിക്കാതെയാണ് ഇടതുസര്‍ക്കാര്‍ ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ കോടതിയുടെ വരെ ശകാരംകേള്‍ക്കേണ്ടി വന്നു. പക്ഷേ, മുമ്പ് അവര്‍ കൊടുത്ത വാഗ്ദാനമാണ് ‘വോട്ടിന് പകരം ഷാപ്പ്’ എന്നത്. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
കെ.എം.മാണിയെ അധിക്ഷേപിക്കുന്ന നിലപാടിനോട് യോജിപ്പില്ല. അത് കോണ്‍ഗ്രസ് നയമല്ല. മാണിയെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും പിന്തുണച്ച് കൂടെ നിന്നത് യുഡിഎഫ് ആണ്. പക്ഷേ, കോട്ടയം ജില്ലാ പഞ്ചായത്തില്‍ തികഞ്ഞ രാഷ്ട്രീയ വഞ്ചനയുണ്ടായി. അപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതാണ് ‘വീക്ഷണം’ മുഖപ്രസംഗത്തെ തുടര്‍ന്ന് താന്‍ പറഞ്ഞത്. ‘വീക്ഷണ’ത്തിന്റെ മാണിക്കെതിരായ അഭിപ്രായം പാര്‍ട്ടിയുടേതല്ല.
ജാതി, മത വികാരവും വര്‍ഗീതയും ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പക്ഷേ, അത് കേരളത്തില്‍ വിലപ്പോകില്ല. വര്‍ഗീയ ധ്രുവീകരണം നടത്തി സംഘടന സ്വാധീനമുണ്ടാക്കാനുള്ള അമിത് ഷായുടെ ശ്രമത്തെ ജനങ്ങളെ സംഘടിപ്പിച്ച് നേരിടും. ബിജെപിയുടെ കുതന്ത്രങ്ങള്‍ വിലപ്പോകില്ലെന്ന് മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ പ്രകടമായി കഴിഞ്ഞതാണ്. എന്നാല്‍ വര്‍ഗീയതയെ നേരിടേണ്ടത് സിപിഎമ്മിന്റെ രീതിയിലല്ല. അക്രമത്തെ അക്രമം കൊണ്ട് തടയാനാകില്ല. സീതാറാം യെച്ചൂരിക്കുനേരെ ആക്രമണമുണ്ടായപ്പോള്‍ സോണിയ ഗാന്ധി മുതല്‍ ബൂത്ത് പ്രസിഡന്റ് വരെ അതിനെ അപലപിച്ചു. എന്നാല്‍ സിപിഎം തിരിച്ച് ബിജെപി ഓഫിസ് ആക്രമിക്കാനാണ് പോയത്. അതിനോട് യോജിപ്പില്ല.
പ്രവാസികള്‍ക്കായി കോണ്‍ഗ്രസ് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് ഒഐസിസി നേതൃത്വം നല്‍കുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളിലെ കോണ്‍ഗ്രസ് പോഷക സംഘടനയായ ഒഐസിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് എം.എം.ഹസന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഒഐസിസി ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ജൂലൈ 14ന് തിരുവന്തപുരത്ത് ചേരും. ഇതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംബന്ധിക്കും. ഒഐസിസിയും ‘ഇന്‍കാസു’മാണ് ഇന്ത്യക്കുപുറത്തുള്ള കോണ്‍ഗ്രസ് അനുഭാവികളുടെ ഔദ്യോഗിക സംഘടന. ഇതിനുപുറമെയുള്ള ഗ്രൂപ്പുകള്‍ ഔദ്യോഗികമല്ല. അതുകൊണ്ട് അവ അംഗീകരിക്കുന്ന വിഷയമില്ല. ഇത്തരം സംഘടനകള്‍ വ്യക്തി താല്‍പര്യങ്ങളുടെ പുറത്ത് രൂപവത്കരിക്കപ്പെട്ടതാണ്. അവര്‍ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ കെപിസിസിയെ സമീപിക്കാം. പരാതി പറയാം. അത് പരിഹരിക്കും. പക്ഷേ, സമാന്തര പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് പ്രവര്‍ത്തനവും അനുവദിക്കില്ല. കേരളത്തില്‍ തന്നെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കെപിസിസി ശക്തമായ നിലപാട് സ്വീകരിച്ചുവരുന്ന സമയമാണിത്. ഒഐസിസിയില്‍ നിന്ന് പിണങ്ങി നില്‍ക്കുന്ന സംഘടനകളുടെ പരിപാടികളില്‍ നേതാക്കള്‍ പങ്കെടുക്കരുത്. ഏതെങ്കിലും നേതാക്കള്‍ ഇത്തരം പരിപാടികളുമായി സഹകരിക്കുന്നു എന്ന കാര്യത്തില്‍ പരാതി കെപിസിസിക്ക് ലഭിക്കുകയാണെങ്കില്‍ നടപടിയുണ്ടാകും.
പ്രവാസികളെ മൊത്തം അവഗണിക്കുന്ന സമീപനമാണ് കേന്ദ്രവും കേരളവും സ്വീകരിച്ചുവരുന്നത്. പ്രവാസി വകുപ്പ് നിര്‍ത്തലാക്കിയത് അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ‘നോര്‍ക’ സജീവമല്ല. എന്‍ആര്‍ഐ കമ്മീഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് സര്‍ക്കാരുകളുടെ അജണ്ടയില്‍ പ്രവാസി വിഷയങ്ങളില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി നേതാക്കളായ എന്‍.സുബ്രമണ്യന്‍, പി.ടി.അജയമോഹന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഒഐസിസി നേതാക്കളായ ബിനു കുന്നന്താനം, രാജു കല്ലുംപുറം, വി.കെ.സെയ്ദാലി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.