റിയാദ്: റിയാദിൽ നിന്ന് മക്കയിലേക്കുള്ള യാത്രാമധ്യേ കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തി. കോഴിക്കോട് മൂഴിക്കൽ സ്വദേശി കറുത്തേടത്ത് അബ്ദുസ്സമദിനെ രണ്ടാഴ്ചയായി കാണ്മാനില്ലായിരുന്നു. നാട്ടുകാരും ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ റിയാദിലെ ജോലി അവസാനിപ്പിച്ച് മക്കയിൽ ഒരു സ്‌പോൺസറുടെ കീഴിൽ ജോലി നോക്കാൻ മെയ് 29 ന് റിയാദിൽ നിന്നും പുറപ്പെട്ട അബ്ദുസ്സമദ് താമസ രേഖകൾ നഷ്‌ടപ്പെട്ട്‌ ത്വായിഫിൽ പോലീസ് പിടിയിലാകുകയായിരുന്നു. തുടർന്ന് പോലീസ് അബ്ദുസ്സമദിനെ ത്വാഇഫ് ജയിലിലേക്ക് മാറ്റി.

മൊബൈൽ ഫോൺ റിയാദിൽ മറന്ന് വെച്ച് പോയതിനാൽ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ അബ്ദുസ്സമദിന് ബന്ധപ്പെടാനായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അബ്ദുസ്സമദ് ത്വാഇഫ് ജയിലിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി അബ്ദുസ്സമദിനെ വിട്ടയച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ