മനാമ: ദേശീയ തലത്തില്‍ ഹിന്ദുത്വ വര്‍ഗീയ ഫാസിസം ഭരണകൂടത്തിനു മുകളില്‍ പത്തി വിടര്‍ത്തി ആടുകയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ഭ്രാന്തു പിടിച്ച ഹിന്ദുത്വ ഫാസിസത്തിനെതിരെ ഭരണതലത്തിലും രാഷ്ട്രീയ രംഗത്തും പ്രതിരോധം തീര്‍ത്തു കേരളം മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആദ്യ സംഘ ശക്തി പുരസ്‌കാരം സമര്‍പ്പിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

കേന്ദ്ര ഭരണം കിട്ടിയതോടെ എന്തും പറയാം, എന്തും ചെയ്യാം, എന്തുമാവാമെന്ന മട്ടില്‍ ഹിംസാംത്മകമായ രാഷ്ട്രീയ നിലപാടുമായാണ് കേന്ദ്ര ഭരണത്തിലെ വലിയ വിഭാഗവും, ബിജെപി, ആര്‍എസ്എസ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത്. ആ നിഷോധത്മക നയത്തിനെതിരെ നില കൊള്ളുന്നത് കേരളം മാത്രമാണ്. ബിജെപിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ ഭക്ഷണത്തിന്റെ പേരില്‍ പോലും ജനങ്ങളെ കൊല്ലുന്ന അവസ്ഥയാണ്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു ഭീഷണിയില്ല. അതിനെ ശക്തമായി പ്രതിരോധിക്കുന്നത് കേരളമാണ്. ഇവിടെ പൂര്‍ണ സംരക്ഷണമാണ്. ഭക്ഷണം, വസ്ത്രം എന്നിവയിലൊന്നും വിവേചനമില്ല. കേരളവും മുഖ്യമന്ത്രിയും ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കുന്നത് ദേശീയ തലത്തില്‍ പോലും ശ്രദ്ധേയമാവുന്നു.

കേരളത്തിനെതിരെയുള്ള ബിജെപിയുടെ പ്രചാരണം തെറ്റാണെന്നു ദേശീയ തലത്തില്‍ തന്നെ തുറന്നു കാണിക്കാനായിട്ടുണ്ട്. വലിയൊരു വിഭാഗം ജനങ്ങളില്‍ ഇത് എത്തിക്കാനായി. ഒരേ ഭരണഘടനക്ക് കീഴില്‍ രണ്ട് വ്യത്യസ്ത ഭരണരീതികളെ ജനങ്ങള്‍ക്ക് താരതമ്യം ചെയ്യാനും ഭരണഘടനയ്ക്ക് കീഴില്‍ നിന്ന് എങ്ങിനെ ജനോപകരപ്രദമായി ഭരിക്കുന്നുവെന്നറിയാനും കഴിഞ്ഞു. ബിജെപി ഭരണഘടനാ ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ എങ്ങിനെ നല്‍കാതിരിക്കും എന്നാണ് ആലോചിക്കുന്നത്. ഇന്ത്യന്‍ ഭരണ ഘടനയുടെ അവകാശങ്ങളേയും അടിസ്ഥാന തത്വങ്ങളെയും നിഷേധിക്കുകയാണ് ബിജെപി. നാനാത്വത്തില്‍ ഏകത്വമെന്ന തത്വത്തിന്റെ മസ്തകത്തിലാണ് ബിജെപി അടിക്കുന്നത്. എന്നിട്ട് ഹിന്ദുത്വ സവര്‍ണ വര്‍ഗീയതയില്‍ കേന്ദ്രീകരിക്കുകയാണ്. വര്‍ഗീയ പ്രചാരണം നടത്തുന്ന ബിജെപിയുടെ ജനപിന്തുണ അല്‍പ്പം പോലും ഉയര്‍ന്നിട്ടില്ല. ദേശീയ മാധ്യമങ്ങളും ഒരു വിഭാഗം ബുദ്ധിജീവികളും ഹിന്ദുത്വ വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഇന്ത്യയുടെ നാനാത്വവും ഏകത്വവും അത് മനസിലാക്കി ഉയര്‍ത്തിപ്പിടിക്കുകയും ഹിന്ദുത്വ വര്‍ഗീയ വാദികളില്‍ന്നിന്ന് നാടിനെ രക്ഷിക്കണമെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിക്കും കേരളത്തിനുമെതിരെ പ്രചാരണം നടത്തുകയും സിപിഎമ്മിനെതിരെ ശാരീരിക ആക്രമണം നടത്തുകയുമാണ് ആര്‍എസ്എസ്. ഭരണഘടന ഉറപ്പു നല്‍കുന്ന ഏകത്വം പോലുള്ള തത്വം തകര്‍ത്തുകൊണ്ട് ഒരു ശക്തിക്കും ഇന്ത്യയില്‍ ഭരണം നടത്താനാവില്ല. അമിത് ഷാക്കു കേരളത്തില്‍ നിന്നു മടങ്ങേണ്ടിവന്നതു കേരളത്തിന്റെ ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതുകൊണ്ടാണ്.

ഭരണ ഘടനാ തത്വങ്ങളെപ്പോലും ദുര്‍ബലമാക്കാനാണു കേന്ദ്ര ഭരണ കൂടം ശ്രമിക്കുന്നത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി കേരളത്തില്‍ വന്ന് ഇവിടെ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഫെഡറല്‍ സംവിധാനത്തിനെതിരായ വെല്ലുവിളിയാണത്. കടുത്ത വര്‍ഗീയതയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. കൂട്ട ശിശുമരണത്തിനുത്തരവാദിയായ യോഗി സര്‍ക്കാരിനെ പിരിച്ചു വിടുകയാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. അത് മനഃപൂര്‍വമുള്ള നരഹത്യയാണ്. ബിജെപിയുടെ പതനം ആസന്നമാണ്. ഇത്തരം വര്‍ഗീയ ഭ്രാന്തന്മാരുമായി രാജ്യത്തിനു മുന്നോട്ടു പോവുകയില്ല. ഇന്ത്യ ഒരിക്കലും ഒരു ഏക ശിലാ രൂപമായിരുന്നില്ല. വൈവിധ്യമാണ് അതിന്റെ ശക്തി. ബ്രിട്ടീഷ് ഭരണത്തില്‍ പോലും അതു സാധ്യമായിട്ടില്ല.

ജനങ്ങളുടെ പോപ്പുലര്‍ വോട്ട് ബിജെപിക്കില്ല. ഇന്ത്യയിലെ ഹിന്ദു ജനതയുടെ ഭൂരിപക്ഷം ആര്‍എസ്എസിനെയും വര്‍ഗീയ നിലപാടുകളേയും ഇഷ്ടപ്പെടുന്നില്ല. മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നത് തിരഞ്ഞെടുപ്പു രീതിയുടെ പോരായ്മകൊണ്ടാണ്. ഭൂരിപക്ഷം വോട്ടു കിട്ടുന്നവരാണു രാജ്യം ഭരിക്കുന്നതെങ്കില്‍ ബിജെപി അധികാരത്തിനടുത്തു വരില്ല. ഇതു തടയാന്‍ ജനാധിപത്യ നവീകരണം ആവശ്യമാണെന്നു സിപിഎം ആവശ്യപ്പെടുന്നു. ഈ തിരഞ്ഞെടുപ്പു സംവിധാനം പരിഷ്‌കരിക്കണമെന്നു കോണ്‍ഗ്രസ്സും ആവശ്യപ്പെടില്ല. അവര്‍ക്കു ജനതയുടെ 50 ശതമാനം പിന്തുണ നേടാനാവില്ല എന്നതു തന്നെ കാരണം.

കോണ്‍ഗ്രസിനെ ആശ്രയിച്ചു കൊണ്ടു വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാനാവില്ല. കോണ്‍ഗ്രസ് വിശുദ്ധ പശുവല്ല. കോണ്‍ഗ്രസിന്റെ നയങ്ങളാണു ബിജെപിയെ അധികാരത്തില്‍ എത്തിച്ചത്. ബിജെപിയുടെ നയങ്ങളെ എതിര്‍ക്കുന്നവരെയാണ് അണി നിരത്തേണ്ടത്. കോണ്‍ഗ്രസ് തെറ്റു തിരുത്തുന്നതായിട്ടു കാണുന്നില്ല. മൂന്നു വര്‍ഷം ഭരിച്ചിട്ടും മോദിയുടെ ജനപിന്തുണ ഉയരുന്നതിന്റെ സൂചനയില്ല. ഈ ഭരണത്തിനെതിരെ ജനങ്ങളില്‍ വലിയ തോതില്‍ അസംതൃപ്തി ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ വൻതോതില്‍ നിരാശരാണ്.

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ ക്യാംപെയിൻ നടത്താന്‍ ശ്രമിച്ച ബിജെപിക്കു തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. കേരളത്തില്‍ കൊല്ലപ്പെട്ട സിപിഎംകാരുടെ കണക്കുകണ്ടാണ് അമിത് ഷാ മടങ്ങിയത്. രാഷ്ട്രീയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും ആള്‍ക്കാര്‍ മരിച്ചിട്ടുണ്ട്. ഭൂരിപക്ഷം കൊലയും നടത്തിയത് അവരാണെന്നു ബോധ്യമായി. ഗുജറാത്തില്‍ മനുഷ്യന്മാരെ കൊന്നൊടുക്കിയത് മോദിയും അമിത് ഷായും കൂടിയാണ്. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇവിടെ വന്നു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി സര്‍ക്കാര്‍ മുഴവന്‍ ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതായി മന്ത്രി പറഞ്ഞു. അത് സിപിഎം നയിക്കുന്ന സര്‍ക്കാര്‍ എന്ന നിലയിലെ പ്രതീക്ഷ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ ഒരു സര്‍ക്കാരാണെന്ന് തെളിയിച്ചുു കഴിഞ്ഞു. ഭരണപരമായ നടപടികളിലെ പുതിയ കാഴ്ചപ്പാടുകള്‍, വികസന പ്രശ്‌നങ്ങളിലെ കാലോചിതമായ മാറ്റം, അടിസ്ഥാനപരമായി പിറകോട്ട് പോയിരുന്ന കേരളത്തെ മുന്നേട്ടു കൊണ്ടുവരാനുള്ള ഹരിത കേരളമടക്കമുളള പദ്ധതികള്‍, പുതിയ തലമുറക്ക് ആവേശം ഉണ്ടാകുന്ന പദ്ധതികള്‍, അഴിമതി വിമുക്ത ഭരണം, ദേശീയ പ്രശ്‌നങ്ങളോടുള്ള പ്രതികരണങ്ങള്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം അസുലഭമായ നേട്ടവുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് സാധ്യതകള്‍ മുഴുവന്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.

സോളാര്‍ വിഷയത്തില്‍ വീണ്ടും നിയമോപദേശം തേടുന്നതില്‍ ഒരു അപാകതയുമില്ലെന്നും സര്‍ക്കാരിന് എത്ര നിയമോപദേശം ഏതു സമയത്തും എത്രവേണമെങ്കിലും തേടാമെന്നും അദ്ദേഹം പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാണെമന്നത് ക്യാബിനറ്റ് തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

മലയോര ഹൈവേക്കും തീരദേശ ഹൈവേക്കുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. മലയോര ഹൈവ 1250 കിലോ മീറ്ററാണ്. അതിന് ഏതാണ്ട് 3,500 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് വഴിയാണ് വായ്പയെടുക്കുന്നത്. തീരദേശ ഹൈവേ 650 കിലോമീറ്ററാണ്. അതിന് 6,500 കോടി രൂപയാണ് ചിലവ് പ്രീക്ഷിക്കുന്നത്. കുറേ കടല്‍ പാലങ്ങള്‍ ഒക്കെ നിർമിക്കേണ്ടതുണ്ട്. മലയോര ഹൈവേ ഒന്നാം ഘട്ടം 27 റീച്ചാണ്. ഒന്നാം ഘട്ടത്തില്‍ വനഭൂമി ആവശ്യമില്ലാതാണ്. ഇതില്‍ 17 റീച്ച് കിഫ്ബിയിക്ക് അപ്‌ലോഡ് ചെയ്തിട്ടണ്ട്. തീരദേശ ഹൈവേയി ആദ്യഘട്ടത്തില്‍ 13 റീച്ച് ആണ്. ഇതില്‍ 10 എണ്ണം കിഫ്ബിയിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ ചെയ്ത് ഈ സാമ്പത്തിക വര്‍ഷം പണിയാരംഭിക്കുകയണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ടം ഘട്ട തയാററെടുപ്പുകള്‍ ഇപ്പോഴേ തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വയല്‍ നിലങ്ങളെയും കൃഷി ഭൂമിയെയും സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ നയത്തിനനുസൃതമായാണ് കേരളത്തിലെ റോഡ് വികസനമെന്നും മന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook