റിയാദ്: സൗദി അറേബ്യയിൽ ബഖാല (മിനി സൂപ്പർ മാർക്കറ്റ്) കളിൽ സമ്പൂർണ സൗദിവൽക്കരണ വാർത്ത ശരിയല്ലെന്ന് തൊഴിൽ മന്ത്രാലയം. ഏതെങ്കിലും മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് മുമ്പ് ആ മേഖലയിലേക്കുള്ള തൊഴിൽ അന്വേഷകരുണ്ടോ എന്ന് പഠനം നടത്തിയതിന് ശേഷമാണ് മന്ത്രാലയം ഇത്തരം തീരുമാനങ്ങൾ നടപ്പിൽ വരുത്തുക. ബഖാലകളിലും ചില്ലറ വിൽപന കേന്ദ്രങ്ങളിലും സമ്പൂർണ സൗദിവൽക്കരണം നടത്തുമെന്ന വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചതോടെയാണ് തൊഴിൽ മന്ത്രാലയം കൃത്യ വിവരങ്ങളുമായി രംഗത്ത് വന്നത്.

ഈ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കിയാൽ ഇരുപതിനായിരം സ്വദേശികൾക്ക് തൊഴിൽ നൽകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും സ്വദേശികൾ ഈ രംഗത്ത് തൊഴിലന്വേഷകരുണ്ടോ എന്ന് പരിശോധിക്കും. അതിനാൽ ബഖാലകളിൽ സൗദി വൽക്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഈ വ്യാജ പ്രചാരണം വ്യാപകമായി പ്രചരിച്ചിരുന്നു. ആയിരക്കണക്കിന് പ്രവാസികൾ തൊഴിൽ ചെയ്യുന്ന മേഖലയാണ് ബഖാല ആയത് കൊണ്ട് തന്നെ പ്രവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാകും വിധമാണ് ഈ വാർത്ത പ്രചരിച്ചത്.

ബഖാല മേഖലകളിൽ തൊഴിലെടുക്കുന്നത് കൂടുതലും മലയാളികൾ ആയത് കൊണ്ട് തന്നെ ഈ വാർത്ത കേരളത്തിലെ പ്രവാസി കുടുംബങ്ങൾക്കിടയിലും വലിയ പ്രാധാന്യത്തോടെയും ആശങ്കയോടെയുമാണ് ചർച്ച ചെയ്യപ്പട്ടത്. എന്നാൽ വ്യാജ വാർത്തയാണെന്നറിഞ്ഞത് താത്കാലികമായി ആശ്വാസം നൽകുന്നുണ്ടെന്ന് ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ