യുഎഇ: ദുബായില്‍ നായ്ക്കൾക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നൽകിയ മൂന്നു പേർക്ക് മൂന്ന് മാസത്തേക്ക് മൃഗശാല വൃത്തിയാക്കാൻ ശിക്ഷ വിധിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂറിന്‍റെ നിർദേശത്തിലാണ് നടപടി. ദിവസവും നാല് മണിക്കൂർ നേരം വൃത്തിയാക്കൽ തുടരണമെന്നാണ് നിർദേശം.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ജീവനുള്ള പൂച്ചയെ കൂട്ടിലടിച്ച് രണ്ടു നായ്ക്കൾക്ക് ഭക്ഷണമായി നൽകിയത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

പൂച്ച തങ്ങളുടെ പ്രാവുകളെയും കോഴിക്കുഞ്ഞിനേയും ഭക്ഷിച്ചുവെന്ന് പറഞ്ഞാണ് നായ്ക്കൾക്ക് ഭക്ഷണമായി നൽകിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ദുബായ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൃഗങ്ങളോട് കരുണയോടെ പെരുമാറണമെന്ന ഇസ്‌ലാമിക വചനങ്ങള്‍ക്ക് എതിരാണ് ഇവര്‍ ചെയ്ത പ്രവൃത്തിയെന്നും അധികൃതര്‍ പറഞ്ഞു. രണ്ട് ലക്ഷം ദിര്‍ഹം പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് ദുബായ് പോലീസ് അറിയിച്ചു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും പോലീസ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ