മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാർഥികള്‍ക്ക് ആരോഗ്യ മെഡിക്കല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉറപ്പുവരുത്തുന്ന ‘സ്റ്റുഡന്റ് പ്രിവിലേജ് കാര്‍ഡ്’ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റർ പുറത്തിറക്കി. ഈ കാര്‍ഡുള്ളവര്‍ക്ക് ശിശു രോഗ വിദഗ്ധന്റെ കണ്‍സള്‍ട്ടേഷനു രണ്ടു ദിനാര്‍ മാത്രമേ ഈടാക്കൂ. വര്‍ഷത്തില്‍ രണ്ടു ഡെന്റല്‍ കണ്‍സള്‍ട്ടേഷനും ഒരു നേത്ര രോഗ വിദഗ്ധന്റെ കണ്‍സള്‍ട്ടേഷനും സൗജന്യമായിരിക്കും. എല്ലാ വാക്‌സിനുകള്‍ക്കും പത്തു ശതമാനവും ഫാര്‍മസി മരുന്നുകള്‍ക്ക് അഞ്ചു ശതമാനവും ഷിഫ ഒപ്റ്റിക്കല്‍ ഷോപ്പില്‍ കണ്ണടകള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും.

ഇന്ത്യന്‍ സ്‌കൂളിലെ എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കായാണ് കാര്‍ഡ് തയാറാക്കിയത്. രണ്ടു വര്‍ഷമാണ് കാലാവധി. ഇന്നലെ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന വര്‍ണാഭമായ മെഗാഫെയര്‍ ഉദ്ഘാടന ചടങ്ങിലാണ് കാര്‍ഡ് പുറത്തിറക്കിയത്. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സല്‍മാന്‍ അലി ഗരീബില്‍ നിന്നും കാര്‍ഡ് ഏറ്റുവാങ്ങി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ, ബഹ്‌റൈന്‍ പോളിടെക്‌നിക് ചെയര്‍മാന്‍ ശൈഖ് ഹിഷാം ബിന്‍, അബ്ദുല്‍ അസീസ് അല്‍ ഖലീഫ, സ്വകാര്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ അഹ്‌ലം അഹ്മദ് അല്‍ അമീര്‍, ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിലെ ഫസ്റ്റ് ലഫ്. ഖുലൂദ് യഹ്യ ഇബ്രാഹിം, അബ്ദുല്ല തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു കാര്‍ഡ് ലോഞ്ചിങ്. ഷിഫ അല്‍ ജസീറയുടെ സ്റ്റാളും മെഗാഫെയറില്‍ ഉണ്ട്. സൗജന്യമായ ഷുഗള്‍, ബ്ലഡ് പ്രഷര്‍ പരിശോധന ഇവിടെ നടന്നു. സ്റ്റുഡന്റ്‌സ് പ്രിവിലേജ് കാര്‍ഡും ഇവിടെ വിതരണം അടുത്ത ദിവസങ്ങളില്‍ റിഫ ക്യാംപസിലും ഇസാ ടൗണ്‍ ക്യംപസിലും മുഴുവന്‍ വിദ്യാർഥികള്‍ക്കും കാര്‍ഡ് വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ