റിയാദ്​: സൗദി അറേബ്യയിൽ കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ച പൊതുമാപ്പ്​ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്​ ഇന്ത്യൻ എംബസി ഒരുങ്ങി. നഗരങ്ങളിൽ നിന്ന് അകന്ന് മസ്റ (കൃഷിയിടം) യിലും മറ്റും കഴിയുന്ന നിയമ ലംഘകരെ കണ്ടെത്തി അവസരം വിനിയോഗിക്കാൻ പ്രേരണ നൽകുന്നതിനും മറ്റ് പ്രചാരണ ദൗത്യങ്ങളിലും മാധ്യമങ്ങളും സാമൂഹ്യ പ്രവർത്തകരും പങ്കാളികളാവണമെന്ന് അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. വ്യാഴാഴ്​ച വൈകീട്ട്​ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ഇന്ത്യൻ വോളന്റിയർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ഘട്ടമായി റിയാദ്​, ദമാം, ജുബൈൽ, ബുറൈദ, വാദി ദവാസിർ എന്നീ നഗരങ്ങളിൽ എംബസി സഹായ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കൂടുതൽ പട്ടണങ്ങളിൽ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള സാധ്യതകൾ ആരായും. പാസ്​പോർട്ട്​ അടക്കം ഒരു രേഖയും കൈയ്യിലില്ലാത്ത നിയമലംഘകർ നേരിട്ട്​ ഈ കേന്ദ്രങ്ങളെയോ എംബസിയെയോ സമീപിക്കണം. ഇതിനായി ഇടനിലക്കാരുടെ സഹായം തേടരുത്​. ഒരാൾക്കും പണം നൽകരുത്​. പാസ്​പോർട്ടില്ലാത്തവർക്ക്​ ഔട്ട്​പാസ്​ നൽകും. ഔട്ട്പാസിന്റെ ഫീസ്​ ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട്​ അഭ്യർഥിക്കും. ഒരിക്കൽ ഔട്ട്പാസ്​ കിട്ടിയാൽ കാലാവധി കഴിയുന്നവരെ കാത്തുനിൽക്കരുത്​. വീണ്ടും പുതുക്കി നൽകുമെന്ന്​ പ്രതീക്ഷിക്കരുത്​. ഔട്ട്​പാസ്​ കിട്ടിയാൽ ആദ്യ അവസരത്തിൽ തന്നെ എക്​സിറ്റ്​ നേടി നാടുപിടിക്കാൻ നോക്കണം. ഉംറ, ഹജ്​, ട്രാൻസിറ്റ്​, സന്ദർശന വീസകളുടെ കാലാവധി കഴിഞ്ഞ്​ തങ്ങുന്നവർക്ക്​ സാധുവായ പാസ്​പോർട്ട്​ കൈവശമുണ്ടെങ്കിൽ വിമാനത്താവളം, തുറമുഖം, കരമാർഗം തുടങ്ങിയ രാജ്യ കവാടങ്ങളിലെ എമിഗ്രേഷൻ കേ​​​​ന്ദ്രങ്ങളിൽ നിന്ന്​​ എക്​സിറ്റ്​ നേടി സ്വദേശങ്ങളിലേക്ക്​ മടങ്ങാം. എന്നാൽ തൊഴിൽ വീസയുടെ​ കാലാവധി കഴിഞ്ഞും ഹുറൂബ്​ കേസിൽ കുടുങ്ങിയും അനധികൃതരായി കഴിയുന്നവർക്ക്​ സാധുവായ പാസ്​പോർട്ടുണ്ടെങ്കിൽ ജവാസാത്തിൽ നിന്നാണ്​ എക്​സിറ്റ്​ ലഭിക്കുക.
saudi arabia, amnesty, indian embassy

ഇതിനായി ഓൺലൈനിൽ റജിസ്​റ്റർ ചെയ്യണം. ഇത്​ സംബന്ധിച്ച വിവരങ്ങൾ പിന്നീട്​ എല്ലാവരെയും അറിയിക്കും. ഇവർക്കെല്ലാം യാത്രാക്കൂലി അല്ലാതെ മറ്റൊരു പണചെലവുമുണ്ടാകില്ല. സൗദി അധികൃതർ ജവാസാത്തുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക പിഴകളും ഫീസുകളും ഒഴിവാക്കിയാണ്​ പൊതുമാപ്പ്​ പ്രഖ്യാപിച്ചിരിക്കുന്നത്​​. എന്നാൽ ട്രാഫിക്​ ഉൾപ്പെടെ എന്തെങ്കിലും പിഴകൾ ഇഖാമ നമ്പറിൽ ഉണ്ടെങ്കിൽ അത് അടക്കേണ്ടി വരും. പൊലീസ്​ കേസുള്ളവർക്ക്​ പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ‘മത്​ലൂബ്​’ വിഭാഗത്തിൽ പെട്ടവർക്ക്​ കേസ്​ നടപടികൾ അവസാനിച്ചെന്ന പൊലീസ് രേഖ കിട്ടിയാലേ നാട്ടിലേക്ക്​ മടങ്ങാൻ കഴിയൂ. ഹുറൂബായവരുടെ പാസ്​പോർട്ടുകൾ എംബസിയിൽ എത്തിയിട്ടുണ്ടോ എന്ന്​ പരിശോധിക്കണം. നിലവിൽ 4000ത്തോളം പാസ്​പോർട്ടുകൾ എംബസിയിലുണ്ട്​. ഈ പാസ്​പോർട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ എംബസി വെബ്​സൈറ്റ്​ വഴി പുറത്തുവിടും. എന്നാൽ ഔട്ട്​പാസ്​, എക്​സിറ്റ്​ പോലുള്ളവ വിഷയങ്ങളിൽ ഇടനിലക്കാരാകരുത്​. മുമ്പ്​ നിതാഖാത്ത്​ ഇളവുകാലത്തുണ്ടായ ദുരുപയോഗ ശ്രമങ്ങളെ ഓർമിപ്പിച്ചാണ്​ ആരും ഇടനിലക്കാരാകാൻ ശ്രമിക്കരുതെന്ന്​ അംബാസഡർ താക്കീത്​ ചെയ്​തത്​.

വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 200ലേറെ സാമൂഹിക പ്രവർത്തകർ യോഗത്തിൽ പ​ങ്കെടുത്തു. ഇവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ട ശേഷമാണ്​ അംബാസഡർ സംസാരിച്ചത്​. മലയാളി സമൂഹത്തി​ന്റെ പ്രതിനിധികളായി ശിഹാബ്​ കൊട്ടുകാട്​, ബാലച​ന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഡപ്യൂട്ടി ചീഫ്​ ഓഫ്​ മിഷൻ ഹേമന്ത്​ കൊട്ടൽവാറും സംസാരിച്ചു. കമ്യൂണിറ്റി വിങ്​ കൗൺസലർ അനിൽ നോട്ട്യാൽ, കോൺസുലാർ കൗൺസലർ ഷീൽ ഭ​ദ്ര എന്നിവർ പങ്കെടുത്തു. നിലവിലെ പാസ്​പോർട്ട്​ സേവാകേന്ദ്രങ്ങളിലാകും എംബസി സഹായകേന്ദ്രങ്ങൾ തുറക്കുക എന്നാണ്​ ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന്​ ലഭിച്ച സൂചന.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook