വിശുദ്ധ മക്കയില്‍ ഹജ്ജ് വാർഷിക തീർത്ഥാടനത്തിനു സുരക്ഷയൊരുക്കി ഇക്കുറി വനിതാ സൈനികരും. ഏപ്രിൽ മാസം മുതല്‍ മുതൽ മക്കയിലും മദീനയിലും ഹജ്ജിനായി എത്തിയ തീർത്ഥാടകർക്ക് സുരക്ഷാ സേവനങ്ങൾ ഒരുക്കാനായി ഒട്ടേറെ വനിതാ സൈനികരെയാണ് സൗദി ഭരണകൂടം നിയോഗിച്ചത്.
കാക്കി നിറത്തിലെ സൈനിക യൂണിഫോമും ഇടുപ്പ് വരെ നീളുന്ന ജാക്കറ്റും അയഞ്ഞ ട്രൗസറും തലമുടി മറയ്ക്കുന്ന മൂടുപടത്തിന് മുകളിൽ കറുത്ത നിറത്തിലുള്ള ബെററ്റ് (വട്ട തൊപ്പി) എന്നിവ ചേര്‍ന്നതാണ് ഇവരുടെ യൂണിഫോം. മക്കയിലെ ഗ്രാൻഡ് പള്ളി ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള സുരക്ഷാ ചുമതലയാണ് ഇവര്‍ നിര്‍വഹിക്കുന്നത്.
യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തില്‍ അനവധി ആധുനിക-വൈവിധ്യവൽക്കരണ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. വിഷൻ 2030 എന്ന പരിഷ്കരണ നടപടിയുടെ ഭാഗമായി സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കുകയും മുതിർന്ന സ്ത്രീകൾക്ക് രക്ഷിതാക്കളുടെ/പുരുഷന്മാരുടെ ഒപ്പമല്ലാതെ യാത്ര ചെയ്യാൻ അനുവാദം നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മക്കയിലെ സുരക്ഷാ ചുമതലയില്‍ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം നല്‍കുക എന്ന തീരുമാനം ഉണ്ടായത്.
സാധാരണ നിലയിൽ 25 മുതല്‍ 30 ലക്ഷത്തോളം പേര് പങ്കാളികളാകുന്ന ഹജില്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ 60,000 പേര് മാത്രമാണ് പങ്കെടുത്തത്. സൗദി പൗരന്മാരില് നിന്നും സൗദിയില്‍ തന്നെയുള്ള വിദേശികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഈ ഹാജിമാര്‍. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വര്‍ഷവും ഹജ് വളരെ പരിമിതമായ നിലയിലാണ് നടത്തിയിരുന്നത്. മക്കയില്‍ ഇന്നലെ ചെറിയ തോതില്‍ മഴയുണ്ടായി.
ഹജ് വേളയില്‍ അള്ളാഹുവിനോടുള്ള പ്രാര്‍ഥനകളില്‍ മുഴുകിക്കഴിയാന്‍ സൗദി ഗ്രാൻഡ് മുഫതി ഷെയ്ക്ക് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് ഹാജിമാരെ ഉദ്ബോധനം ചെയ്തു.
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ- ആരോഗ്യ മുന്‍ കരുതല്‍ വളരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അകലം പാലിക്കുക, മാസ്ക് ധരിക്കുക, ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഉടനെ വൈദ്യ പരിശോധനക്ക് വിധേയരാക്കുക തുടങ്ങിയ നടപടികള്‍ അതിജാഗ്രതയോടെ യാണ് സൗദി സര്‍ക്കാര്‍ മക്കയില്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് ടെലി മെഡിസിന് സൗകര്യവും ലഭ്യമാണ്.
വിശുദ്ധ തീര്‍ഥമായ സംസവും കുടിവെള്ളവും ചെറിയ കുപ്പികളില്‍ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്ന റോബോട്ടുകള്‍ ഇക്കുറിയിലെ കൗതുകമുണര്‍ത്തുന്ന കാഴ്ചയായി.