റിയാദ്: റമസാൻ മാസത്തിലെ അവസാന പത്ത് ദിവസം മസ്ജിദുൽ ഹറമിലും പരിസരത്തുമുള്ള തീർത്ഥാടകർക് അത്താഴം നൽകാൻ മക്ക ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസൽ നിർദേശം നൽകി. റമസാൻ അവസാനത്തെ പത്തിൽ തറാവീഹ് നമസ്കാരത്തിന് ശേഷം നടക്കുന്ന ദീർഘ നേരത്തെ പ്രാർഥനയും നമസ്കാരവും കഴിഞ്ഞു ഫജ്ർ നമസ്കാരത്തിന് മുമ്പ് പുറത്ത് പോയി ഭക്ഷണം കഴിക്കാനുള്ള സമയക്കുറവും മറ്റ് ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഗവർണർ അത്താഴം നൽകാൻ നിർദേശം നൽകിയത്.

മസ്ജിദിലും പരിസരങ്ങളിലും, വാഹനം കാത്ത് നിൽക്കുന്ന സ്ഥലങ്ങളിലും ഭക്ഷണം നൽകാൻ നിർദേശമുണ്ട്. റമസാൻ അവസാന പത്ത് ദിനങ്ങളിൽ വലിയ തിരക്കാണ് മക്കയിൽ അനുഭവപ്പെടുന്നത്. തീർത്ഥാടകർക്ക് സേവനം ചെയ്യാൻ പ്രത്യേക സംഘത്തെ തന്നെ മക്കയിൽ നിയമിച്ചിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളുള്ള ഹെലികോപ്റ്റർ മക്കയ്ക്ക് മുകളിൽ സുരക്ഷാ ചിറക് വിരിച്ചിട്ടുണ്ട്. റോഡ് സുരക്ഷക്കും ട്രാഫിക് ക്രമീകരണത്തിനുമായി കൂടുതൽ ഉദ്യോഗസ്ഥർ നിരത്തിലുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ അടിയന്തിര വൈദ്യ സഹായം നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കും ഡോക്ടർമാരും സജ്ജമാണ്.

തുർക്കി വിദേശകാര്യ മന്ത്രി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

saudi arabia

അൽ സഫ കൊട്ടാരത്തിൽ സൽമാൻ രാജാവും മവ്‌ലൂദ് ജാവേശും കൂടിക്കാഴ്ചയിൽ

റിയാദ്: തുർക്കി വിദേശകാര്യ മന്ത്രി മവ്‌ലൂദ് ജാവേശ് ഓഗ്‌ലു സൽമാൻ രാജാവുമായി കൂടിക്കാഴ്‌ച നടത്തി. മക്കയിലെ അൽ സഫ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ഊഷ്മളമാകുന്നതിന് വേണ്ട ചർച്ചകളുണ്ടായി. പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവികാസങ്ങളും ഇരുവർക്കുമിടയിൽ ചർച്ചയായി. മന്ത്രിമാരായ ഇബ്രാഹിം അൽ അസ്സാഫ്, മുസാഇദ് അൽ ഐബാൻ, നിസാർ ബിൻ ഉബൈദ് മദനി, താമിർ അൽ സൊബ്ഹാൻ, തുർക്കിയിലെ സൗദി അംബാസഡർ വലീദ് അൽ കുറൈജി, സൗദി അറേബ്യയിലെ തുർക്കി അംബാസഡർ യൂനസ് ഡെമിറർ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook