ജിദ്ദ: സൗദി അറേബ്യയിലെ ചെറു നഗരങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ വൻകിട പദ്ധതിയുമായി മക്ക ഗവര്‍ണറേറ്റ്. മക്ക ഗവര്‍ണറേറ്റ് കിങ് അബ്ദുള്ള എക്കണോമിക് സിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ മക്ക പ്രവിശ്യയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് അല ഫൈസല്‍ രാജകുമാരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി .

ഈ പദ്ധതിയിലൂടെ പ്രവിശ്യയിലെ ചെറു നഗരങ്ങളില്‍ ഉള്ള ബിരുദധാരികള്‍ ആയ 10000 ല്‍ അധികം വരുന്ന യുവതീ യുവാക്കള്‍ക്ക് പ്രവിശ്യയിലെ തന്നെ 200 ല്‍ പരം കമ്പനികളുമായി സഹകരിച്ച് കൊണ്ട് പരിശീലനം നല്‍കുകയും അതിലൂടെ അവര്‍ക്ക് തൊഴില്‍ സമ്പാദിക്കാനും കഴിയും എന്നാണ് കരുതുന്നത് .

സര്‍വ്വകലാശാലകളുടെ സഹായത്തോടെ പ്രവിശ്യയിലെ തൊഴില്‍ ലഭ്യതക്കനുസരിച്ചുള്ള മേഖകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയവും ക്രിയാത്മകവുമായ പരിശീലനം നല്‍കുക എന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. അത്തരം പരിശീലനം ലഭിച്ചവരെ പ്രവിശ്യയിലെ തന്നെ കമ്പനികളുമായി സഹകരിച്ച് അതാത് മേഖലകളില്‍ തൊഴില്‍ ഉറപ്പാക്കുക ആണ് രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഈ പദ്ധതിയിലൂടെ 2020 ആകുമ്പോള്‍ 10000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് മക്ക ഗവര്‍ണറേറ്റ് പുറത്ത് വിട്ട പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook