മനാമ: കേരളീയ സമൂഹത്തില്‍ തീവ്രവാദത്തിന്റെ വിത്തു പാകാന്‍ ശ്രമിച്ചത് സലഫി പ്രബോധനങ്ങളാണെന്ന് കോഴിക്കോട് മര്‍ക്കസ്സു ഖാഫത്തി സുന്നിയ്യ ഡയറക്ടര്‍ എ.പി.അബ്ദുല്‍ ഹഖിം അസ്ഹരി. അത്തരം വഴിപിഴച്ച പ്രബോധന രീതികളെ എന്നും തുറന്നെതിര്‍ക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ ഉദാത്ത മാതൃക നിലനിന്ന സമൂഹമാണു കേരളം. അതിനെ തകര്‍ക്കാന്‍ ഇത്തരം പ്രോബധനങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. വര്‍ത്തമാനകാല സാഹചര്യം അവര്‍ ആരാണെന്നും അവരുടെ പിഴവെന്താണെന്നും പൊതു സമൂഹത്തിനു കാണിച്ചു കൊടുത്തു. മര്‍ക്കസ് 40-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ബഹ്‌റൈനില്‍ എത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പിശകുകണ്ടാല്‍ ഉപദേശിക്കാനാണു മതം കല്‍പ്പിക്കുന്നതെന്നും എന്നാല്‍ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പെണ്‍കുട്ടികളുടെ നൃത്ത വിവാദത്തെ പരാമര്‍ശിച്ച് എപി വിഭാം സുന്നി നേതാവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ അസ്ഹര പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ അഭാവമാണു വര്‍ഗീയ കലാപങ്ങളില്‍ വലിയ പങ്കു വഹിക്കുന്നതെന്നും അതിനാല്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ന്യൂനപക്ഷ മേഖലയില്‍ വിദ്യാഭ്യാസ വ്യാപനത്തിനുള്ള പദ്ധതികളുമായി കോഴിക്കോട് മര്‍ക്കസ്സു ഖാഫത്തി സുന്നിയ്യ മുന്നോട്ടു പോവുകയാണെന്നും അസ്ഹരി പറഞ്ഞു.

വിദ്യാഭ്യാസമുള്ള തലമുറയെ സൃഷ്ടിച്ചാല്‍ മാത്രമേ സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ കഴിയൂ. പരസ്പരം തെറ്റിദ്ധരിച്ചിരുന്ന ഗുജറാത്തില്‍ സമൂഹത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ അടുപ്പം സൃഷ്ടിക്കാന്‍ കഴിഞ്ഞു. മുസ്‌ലിം വിദ്യാലയങ്ങളില്‍ അധ്യാപകരാന്‍ ഇതര സമൂഹങ്ങള്‍ തയ്യാറാവുന്ന അവസ്ഥയുണ്ടായി. മര്‍ക്കസിന് കശ്മീരില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സാധ്യാമാകാത്തതുകൊണ്ട് കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവന്നു. കുട്ടികളെ രാജ്യത്തോടു കൂറുള്ളവരായി വളര്‍ത്താനും വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ ചിന്തിപ്പിക്കാനും പ്രാപ്തമാക്കാന്‍ ഇത്തരം ശ്രങ്ങള്‍കൊണ്ടു കഴിഞ്ഞിട്ടുണ്ട്.

ജനുവരി 4 മുതല്‍ 7 വരെയാണു മര്‍ക്കസ് വാര്‍ഷികം നടക്കുന്നത്. നാലു പതിറ്റാണ്ടായി വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ, വാണിജ്യ, വ്യവസായ, സാമ്പത്തിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയാണു മര്‍ക്കസ്. വാര്‍ഷിക ബിരുദദാന സമ്മേളനത്തില്‍ 1000 പേര്‍ക്കു സഖാഫി ബിരുദം നല്‍കും. ഖുര്‍ ആന്‍ മനപ്പാഠമാക്കിയ 100 പേരും പുറത്തു വരും. മനുഷ്യാവകാശ സമ്മേളനം, ദേശീയോദ്ഗ്രഥന സമ്മേളനം, അക്കാദമിക് സമ്മേളനം, സഹവര്‍ത്തിത്വ ഉച്ചകോടി, ഇസ്‌ലാമിക സമ്മേളനം എന്നിവ ഇതോടനുബന്ധിച്ചു നടക്കും. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കാളികളാകും. താമരശ്ശേരിയിലെ നോളജ് സിറ്റിയില്‍ യുനാനി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ‘ഷെയ്പിങ്ങ് എ കള്‍ച്ചര്‍’ എന്ന സന്ദേശം ഉയര്‍ത്തി ജീവിത ശൈലി സെമിനാറും നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ എം.സി.അബ്ദുല്‍ കരിം, മുഹമ്മദ് ഹുസൈന്‍ മദനി, കെ.സി.സൈനുദ്ധീന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ