റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ അബഹയില്‍ യുവതിയായ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. മങ്കര വടക്കാങ്കര തടുത്തിലകുണ്ട് മേലേടത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ ജല്‍സീന (24) ആണ് മരിച്ചത്. ഭര്‍ത്താവും മക്കളുമൊന്നിച്ച് ഉംറ നിര്‍വഹിച്ച് തിരിച്ച് വരുന്നവഴി തിങ്കളാഴ്ച രാത്രി അബഹ ദര്‍ബ് റോഡ് ചുരത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ തെറ്റായ ദിശയില്‍ വന്ന സ്വദേശി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു.

സംഭവത്തില്‍ സ്വദേശി പൗരനും ജല്‍സീനയും മരിച്ചു. ഗുരുതരമായ പരുക്കേറ്റ ഭര്‍ത്താവ് മുഹമ്മദ് റാഫി അബഹ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷമീറും മക്കളായ ഖദീജ റന (4), ഫഹദ് (3) എന്നിവര്‍ പരുക്കുകള്‍ ഒന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

നാട്ടില്‍ പോകുന്നതിന്റെ മുന്നോടിയായി ഉംറ നിര്‍വഹിച്ച് നാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വരികയായിരുന്നു ഇവര്‍. 14 വര്‍ഷമായി അബഹ യമനിയയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് റാഫി. അഞ്ച് വര്‍ഷമായി ജല്‍സീന ഭര്‍ത്താവുമൊന്നിച്ച് അബഹയില്‍ ആയിരുന്നു താമസം. ഒരു വര്‍ഷം മുന്‍പാണ് അവസാനമായി ഇവര്‍ നാട്ടില്‍ പോയി വന്നത്. വടക്കാങ്ങര ചോലക്കാട്ട് തൊടി അബൂബക്കര്‍ ആണ് മരിച്ച ജല്‍സീനയുടെ പിതാവ്. മാതാവ് റംല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook