മനാമ: ബഹ്‌റൈനിലെ ചരിത്ര പ്രസിദ്ധമായ മനാമ സൂഖ് പുനര്‍നിര്‍മ്മിക്കുന്നു. സൂഖ് പുനരുദ്ധാരണത്തിനായി വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി അറിയിച്ചു. പുനരുദ്ധാരത്തിലൂടെ പ്രദേശത്തിന്റെ ആകര്‍ഷണീയത വീണ്ടെടുക്കുക, പൈതൃക വിനോദ സഞ്ചാരം, ഷോപ്പിങ് മുതലായവ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

പഴയ സൂഖിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവരുടെ യോഗം ചര്‍ച്ച ചെയ്തു. ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ സിഇഒ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമൂദ് അല്‍ ഖലീഫ, ബിസിസിഐ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അല്‍ സയാനി, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നിലവിലുള്ള സൂഖ് പൂര്‍ണമായും പൊളിച്ചുമാറ്റാതെ പുതുക്കിയെടുക്കുക, പ്രവര്‍ത്തന സജ്ജമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറെടുത്ത ഹാങ്ക് ഡിറ്റ്മര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ഹാങ്ക് ഡിറ്റ്മര്‍ പറഞ്ഞു.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ ഹാങ്ക് ഡിറ്റ്മര്‍ വിശദീകരിച്ചു. ബാബ് അല്‍ ബഹ്‌റൈനെയും വെനസ്‌ഡേ മാര്‍ക്കറ്റിനെയും ബന്ധിപ്പിക്കുന്ന നടപ്പാത, പുതിയ പബ്ലിക് സ്‌ക്വയര്‍ എന്നിവയോടൊപ്പം സ്റ്റാര്‍ട്ടപ്പ്കള്‍ക്കായുള്ള ഒരു കേന്ദ്രവും പുതിയ പദ്ധതിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബാബ് അല്‍ ബഹ്‌റൈന്‍ സ്‌ക്വയറില്‍ പുതിയ നടപ്പാതകള്‍, ഗതാഗത സൗകര്യങ്ങള്‍, പബ്ലിക് ടോയ്‌ലറ്റുകള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കലും പദ്ധതിയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ