മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗ ഫെയറും ഭക്ഷ്യ മേളയും മെയ് 25,26 തിയതികളില്‍ ഈസ ടൗണ്‍ കാമ്പസില്‍ നടക്കുമെന്ന് ഫെയര്‍ സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തവണ ഫെയര്‍ സാംസ്‌കാരിക ഉത്സവമായാണ് നടത്തുന്നത്. ഇന്ത്യയിലെയും ബഹ്‌റൈനിലെയും കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീതോത്സവം, 100 സ്റ്റാളുകളിലായി ഇന്തോ-അറബ് ഫുഡ് ഫെസ്റ്റ്, ഇലക്ട്രോണിക് ഉപകരണ എക്‌സ്‌പോ, പുസ്തക പ്രദര്‍ശനം തുടങ്ങിയ നിരവധി പരിപാടികള്‍ ഇത്തവണ നടത്തുന്നുണ്ട്. ഇന്‍ഫോടെയ്ന്റ്‌മെന്റ് സ്റ്റാളുകളും പരിപാടിയുടെ ആകര്‍ഷണമാകും.
ഫെയറില്‍ നിന്ന് ലഭിക്കുന്ന വരുമാനം പ്രധാനമായും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ജീവനക്കാരുടെ ക്ഷേമത്തിനുമായി വിനിയോഗിക്കും. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം 800 കുട്ടികള്‍ക്ക് ഫീസ് ഇളവ് നല്‍കിയതായി ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
ബഹറിനിലെ ഇന്ത്യക്കാരായ പ്രവാസികള്‍ ഭരണകൂടത്തിന്റെ സഹായത്തോടെ 1950ല്‍ സ്ഥാപിച്ചതാണ് ഇന്ത്യന്‍ സ്‌കൂള്‍. നിലവില്‍ സ്‌കൂളില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള 12,500 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 650 സ്റ്റാഫ് അംഗങ്ങളുള്ള സ്‌കൂളില്‍ 1000 ബഹ്‌റൈനി വിദ്യാര്‍ഥികളുമുണ്ട്. ജിസിസിയില്‍ ഏറ്റവും കുറവ് ഫീസ് ഘടനയുള്ള ഇവിടെ പഠിക്കുന്ന കുട്ടികളില്‍ പകുതിയില്‍ അധികവും സാധാരണ വരുമാനമുള്ളവരുടെ മക്കളാണ്.
കഴിഞ്ഞ വര്‍ഷത്തെ ഫെയറില്‍ 200,000ല്‍ അധികം ആളുകള്‍ പങ്കെടുത്തിരുന്നു. പങ്കാളിത്തം കൊണ്ടും സാമ്പത്തിക വിജയത്തിലും സ്‌കൂളിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വിജയമായിരുന്നു ഇത്.
രണ്ട് ദിനാറാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക. ടിക്കറ്റ് വില്‍ക്കാന്‍ കുട്ടികളുടെ മേല്‍ സമ്മര്‍ദം ചെലുത്തില്ല.ഫെയറിനോടനുബന്ധിച്ച് 200,000റാഫിള്‍ ടിക്കറ്റുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നുണ്ട്. സൂവനീറും പുറത്തിറക്കും.
ബഹറിനിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ സ്‌കൂള്‍ ഇവിടത്തെ കുട്ടികള്‍ക്ക് നല്‍കുന്നത് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനമാണെന്ന് സ്‌കൂള്‍ കമ്മറ്റി ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും, സെക്രട്ടറി ഷെമിലി പി. ജോണും ഫെയര്‍കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ഹുസൈന്‍ മലീമും പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, പ്രിയലാജി, ഡോ.മനോജ്, ഖുര്‍ഷിദ് ആലം, വിപിന്‍ കുമാര്‍, ജയ്ഫര്‍ മെയ്ദാനി, സജി ആന്റണി, ഭൂപീന്ദര്‍ സിങ് എന്നിവരും പെങ്കടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ