മനാമ: ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ ആഹ്വാന പ്രഹാരം മനുഷ്യക്കടത്തു തടയുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി കൈകോര്‍ക്കാന്‍ ബഹ്‌റൈന്‍ സന്നദ്ധമാണെന്നു മനുഷ്യക്കടത്തു വിരുദ്ധ ദേശീയ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എല്‍എംആര്‍എ ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ ബിന്‍ അബ്ദുല്ല അല്‍ അബ്‌സി പറഞ്ഞു. ജൂലൈ 30ന് ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 2013 ജൂലൈ മുതലാണ് യുഎന്‍ ആഹ്വാനമനുസരിച്ച് അന്താരാഷ്ട്ര മനുഷ്യക്കടത്തു വിരുദ്ധ ദിനം ആചരിക്കുന്നത്. മനുഷ്യക്കടത്തു തടയുന്നതിന് ആഗോള തലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഈ ദിനം ആഹ്വാനം ചെയ്യുന്നത്. ഈ ദിനാചരണത്തിന്റെ ഭാഗമായി മനുഷ്യക്കടത്തിനെതിരായ ബോധവല്‍ക്കരണവും മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നവരുടെ അവകാശ സംരക്ഷണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്തെന്ന ഗുരുതര കുറ്റകൃത്യം തടയുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമാണ്. നിരവധി കുട്ടികളും സ്ത്രീകളുമാണ് മനുഷ്യക്കടത്തിന് ഇരകളാവുന്നത്. മിക്കരാജ്യങ്ങളിലും ഈ കുറ്റകൃത്യം നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തു തടയുന്നതിന് പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു ജൂലൈ 11 നു ബഹ്‌റൈന്‍ വിദേശ കാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫ ഉത്തരവു നല്‍കിയിരുന്നു. മനുഷ്യക്കടത്തു വിരുദ്ധ ദേശീയ സമിതിയില്‍ ബന്ധപ്പെട്ട ഔദ്യോഗിക രംഗത്തുനിന്നും സന്നദ്ധ സംഘടനകളില്‍ നിന്നുമായി പത്തുപേരെ ഉള്‍പ്പെടുത്തണമെന്നും ഉത്തരവു നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനു വരുന്ന രണ്ടു വര്‍ഷത്തേക്ക് ആസൂത്രണം കമ്മിറ്റി നിര്‍വഹിച്ചതായി അല്‍ അബ്‌സി പറഞ്ഞു. ബഹ്‌റൈനില്‍ ഒരുതരത്തിലുമുള്ള വിവേചനം നിലനില്‍ക്കുന്നില്ലെന്നും വര്‍ണ, ലിംഗ ഭേദമില്ലാതെ തുല്ല്യതയാണ് ഇവിടെ പാലിക്കുന്നതെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യക്കടത്തു തടയുന്നതു സംബന്ധിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റാങ്കിങ്ങിലെ മികച്ച സ്ഥാനം ബഹ്‌റൈന്‍ നിലനിര്‍ത്തും. മനുഷ്യക്കടത്തു തടയുന്നതിനു ബഹ്‌റൈന്‍ സ്വീകരിച്ചു വരുന്ന നടപടികളെ അമേരിക്കന്‍ റിപ്പോര്‍ട്ട് പ്രകീര്‍ത്തിച്ചിരുന്നു. ഈ കുറ്റകൃത്യം തടയുന്നതിന് ആന്തരാഷ്ട മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ ബഹ്‌റൈന്‍ സ്വീകരിക്കുന്ന നടപടികളെ ഐക്യ രാഷ്ട്രസഭ മയക്കുമരുന്ന്, കുറ്റകൃത്യം തടയുന്നതിനുള്ള ജിസിസി ഓഫീസ് ഡയറക്ടര്‍ ഡോ. ഹതെം അലി പ്രശംസിച്ചു. എല്‍എംആര്‍എ ഈ രംഗത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികള്‍ സവിശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയില്‍ മനുഷ്യക്കടത്തു തടയുന്നതിന്റെ നായകത്വം ബഹ്‌റൈനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രന്റ് (ഐഒഎം) ഡയറക്ടര്‍ ജനറല്‍ വില്ല്യം ലേസി സ്വിങ്ങും ബഹ്‌റൈന്‍ സ്വീകരിക്കുന്ന മനുഷ്യക്കടുത്തു വിരുദ്ധ നടപടികളെ പ്രശംസിച്ചു.

പുനരുല്‍പ്പാദന ഊര്‍ജ പദ്ധതികള്‍; യുഎന്‍ പ്രതിനിധിയുമായി ചര്‍ച്ച നടത്തി
മനാമ: ബഹ്‌റൈനില്‍ നടപ്പാക്കുന്ന പുനരുല്‍പ്പാദന ഊര്‍ജ പദ്ധതികളെ കുറിച്ച് വൈദ്യുതി, ജല വിതരണ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സയും ഐക്യ രാഷ്ട്ര സഭ റസിഡന്റ് കോ ഓഡിനേറ്ററും റസിഡന്റ് പ്രതിനിധിയുമായ സാഅദ് അമിന്‍ അല്‍ ഷര്‍ഖാവിയും ചര്‍ച്ച നടത്തി. സൗരോര്‍ജം പ്രയോജനപ്പടുത്തുന്നതിനു സ്വകാര്യ മേഖലയെ സജ്ജമാക്കുന്നതു സംബന്ധിച്ചും അവര്‍ ആശയ വിനിമയം നടത്തി. സൗരോര്‍ജ വ്യാപനത്തെ പിന്തുണയ്ക്കുന്നതിലൂടെ ഊര്‍ജാവശ്യത്തിന് പ്രകൃതി വാതകത്തെ ഉപയോഗിക്കുന്നതു കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നു മന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ മാറ്റം സുപ്രധാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഓടെ രാജ്യത്ത് ഉപയോഗിക്കുന്ന മൊത്തം ഊര്‍ജാവശ്യത്തിന്റെ അഞ്ചു ശതമാനം സൗരോര്‍ജനത്തില്‍ നിന്നായിരിക്കുമെന്നും മന്ത്രി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ബഹ്‌റൈനില്‍ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും യുവാക്കള്‍ക്കു തൊഴില്‍ നല്‍കുന്നതിനും ഇതു വഴിയൊരുക്കും. ഐക്യരാഷ്ട്ര സഭ വികസന പദ്ധതി (യുഎന്‍ഡിപി) സുസ്ഥിര ഊര്‍ജ യുണിറ്റിനു തുടര്‍ച്ചയായ പിന്തുണ ഉറപ്പു നല്‍കുന്നതായി അല്‍ ഷര്‍ഖാവി പറഞ്ഞു. ദേശീയ പുരുല്‍പ്പാദന ഊര്‍ജ പദ്ധതിക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിര വികസനത്തില്‍ ബഹ്‌റൈനെ സഹായിക്കും. ഊര്‍ജ മേഖലയില്‍ ശേഷി കൈവരിക്കുന്നതിനും പുനല്‍പ്പാദന ഊര്‍ജം പ്രയോജനപ്പെടുത്തുന്നതിലും പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുസ്ഥിര ഊര്‍ജ ലക്ഷ്യം സംബന്ധിച്ച് എല്ലാ രാജ്യങ്ങള്‍ക്കുമായുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നതെന്ന് അല്‍ ഷര്‍ഖാവി പറഞ്ഞു. 2030 ലക്ഷ്യം വച്ചാണ് വികസിത, വികസ്വര രാഷ്ട്രങ്ങള്‍ ഈ ദിനശയില്‍ മുന്നേറുന്നത്. സമാധാനപരവും സുസ്ഥിരവുമായ ഭാവി ലോകം ഏല്ലാ പൗരന്‍മാര്‍ക്കും ഉറപ്പു നല്‍കുന്നതില്‍ ഈ മുന്നേറ്റം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിവൃദ്ധി, പങ്കാളിത്തം, സമാധാനം, ഗ്രഹം, ജനത എന്നീ അഞ്ച് സ്തംഭങ്ങളാണു സുസ്ഥിര വികസനത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ടാമതു രാസവള സമ്മേളനം ബഹ്‌റൈനില്‍ നടക്കും
മനാമ: ഗള്‍ഫ് പെട്രോ കെമിക്കല്‍ല്‍ ആന്റ് കെമിക്കല്‍സ് അസോസിയേഷന്‍ (ജിപിസിഎ) എട്ടാമതു രാസവള സമ്മേളനം ബഹ്‌റൈനില്‍ നടക്കും. ബഹ്‌റൈന്‍ എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ ഖലീഫയുടെ രക്ഷാ കര്‍തൃത്വത്തിലാണു സമ്മേളനം നടക്കുന്നത്.
സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ ബഹ്‌റൈന്‍ റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണു സമ്മേളനം.

‘വളര്‍ച്ചയിലേക്കു മടങ്ങാന്‍ പുതിയ തുടക്കം’ എന്ന സന്ദേശത്തില്‍ ഊന്നിയാണു സമ്മേളനം നടക്കുന്നത്. രാസ വളനിര്‍മാണത്തിന്റെ പുതിയ സാങ്കേതിക നേട്ടങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും രാസവളത്തിന്റെ ഉല്‍പ്പാദനവും സമഗ്രമായി ബന്ധപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും സമ്മേളനത്തിന്റെ ആലോചനാ വിഷമാണ്. സുസ്ഥിര വികസന കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മുന്നേറ്റത്തിനു ജ്ഞാനികളായ രാഷ്ട്ര നേതാക്കളുടെ മാര്‍ഗ ദര്‍ശകം സുപ്രധാനമാണെന്നു മന്ത്രി പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്നും പുറത്തുനിന്നുമുള്ള നിരവധി വിദഗ്ധര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook