ദുബായ്: ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിൽ നിന്നും രുചിയുടെ ലോകത്തു നിന്നും മനുഷ്യനെ എക്കാലത്തേക്കുമായി അകറ്റി നിർത്തികൊണ്ടാണ് പലപ്പോഴും വില്ലൻ പരിവേഷത്തോടെ ഗുരുതര രോഗങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ദുബായ് സ്വദേശിയായ ഗുലാം അബ്ബാസ് എന്ന എൻജിനീയറുടെ ജീവിതത്തിലേക്ക് ആമാശയ കാൻസർ കടന്നു വന്നതും വില്ലൻ പരിവേഷത്തോടെയാണ്.
പെട്ടെന്നുണ്ടായ ശരീരം മെലിച്ചിൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടപ്പോഴാണ് ഗുലാം അബ്ബാസ്, അസ്വസ്ഥതകളുമായി റാഷിദ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോളജി ക്ലിനിക്കിൽ എത്തുന്നത്. രോഗനിർണയത്തിൽ അതീവ ഗുരുതരമായ ആമാശയ കാൻസറാണ് അബ്ബാസിനെന്നു കണ്ടെത്തി. രോഗനിർണയം വൈകിയതു കൊണ്ട് കാൻസർ അപ്പോഴേക്കും അതിന്റെ മൂന്നാം സ്റ്റേജിലെത്തിയിരുന്നു. ആമാശയം നിറയുന്ന രീതിയിലേക്ക് വളർന്നു വലുതായ ട്യൂമർ അബ്ബാസിന്റെ ജീവന് തന്നെ ഭീഷണിയുയർത്തി. ഒന്നുകിൽ ആമാശയം ഒഴിവാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോവുക, അല്ലെങ്കിൽ ആമാശയ കാൻസറിന് കീഴ്പ്പെട്ട് മരണം വരിക്കുക. അബ്ബാസിന് മുന്നിൽ ശേഷിച്ചത് രണ്ടേ രണ്ടു വഴികൾ മാത്രം. ജീവിതത്തെ അത്രമേൽ സ്നേഹിക്കുന്ന ഗുലാം അബ്ബാസിന് മറുത്തൊന്നും ആലോചിക്കാനില്ലായിരുന്നു, ആമാശയം നീക്കം ചെയ്യാം; അയാൾ ശസ്ത്രക്രിയയ്ക്ക് തയ്യാറായി.
“ജീവിതത്തെ അതിഭീകരമായ രീതിയിൽ ബാധിക്കുന്ന ഒരു തീരുമാനമായിരുന്നു അത്. പക്ഷേ ജീവിതം നിലനിർത്താൻ വേറെ വഴിയില്ലായിരുന്നു. മക്കൾ എന്റെ അസാന്നിധ്യത്തിൽ വളരുന്നത് ഞാനോർക്കാൻ പോലും ഇഷ്ടപ്പെട്ടില്ല. അവരുടെ ജീവിതത്തിലെ കളിയും ചിരിയും അടിപിടികളും നേട്ടങ്ങളുമെല്ലാം എനിക്ക് കാണണമായിരുന്നു. ജീവിതം അങ്ങനെ അങ്ങ് അസ്തമയിച്ചു പോകരുതെന്ന് ഞാനാഗ്രഹിച്ചു, ജീവിതത്തെ മുറുകെ പിടിച്ചു,” ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അബ്ബാസ് പറയുന്നു. രണ്ടു കുട്ടികളാണ് അബ്ബാസിനുള്ളത്.
“സർജറിയ്ക്ക് മുൻപ് ചിക്കൻ ബിരിയാണി കഴിക്കാൻ എനിക്കാഗ്രഹം തോന്നി, ഡോക്ടറോട് ചോദിച്ചപ്പോൾ സമ്മതം തന്നു. ഭാര്യ വീട്ടിലൊരുക്കിയ ബിരിയാണി സഹോദരൻ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഞാൻ ആർത്തിയോടെ വാരി വിഴുങ്ങുകയായിരുന്നു,” അബ്ബാസ് പറയുന്നു.
ഡോ.അൽ മർസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചു മണിക്കൂറോളം നീണ്ട അബ്ബാസിന്റെ സർജറി വിജയകരമായിരുന്നു എന്നും രോഗബാധിതമായ ആമാശയം നീക്കം ചെയ്തതോടെ സമീപ അവയവങ്ങൾ കാൻസർ സെല്ലുകളിൽ നിന്നും സുരക്ഷിതമായെന്നും ഹോസ്പിറ്റൽ വൃത്തങ്ങൾ അറിയിക്കുന്നു. നിരവധിയേറെ കോളൺ കാൻസർ സർജറികൾക്ക് ഈ ഹോസ്പിറ്റൽ സാക്ഷിയായിട്ടുണ്ടെങ്കിലും, ആമാശയം പൂർണമായും നീക്കം ചെയ്യുന്ന ഇത്തരത്തിലുള്ള ‘ഗാസ്ട്രോക്റ്റമി സർജറി’ ദുബായിൽ തന്നെ ആദ്യത്തേതാണെന്ന് റാഷിദ് ഹോസ്പിറ്റലിലെ ജനറൽ സർജറി തലവനും കൺസൽട്ടന്റ് ലാപ്രോസ്കോപിക് സർജനുമായ ഡോ.അലി ഖമ്മാസി അവകാശപ്പെടുന്നു.
വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം ദുബായ് ഹോസ്പിറ്റലിൽ കീമോതെറാപ്പി ചികിത്സയിലാണ് ഗുലാം അബ്ബാസ്.