ദുബായ്: കഴിഞ്ഞ ദിവസം നടന്ന എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പിൽ മലയാളിക്ക് അഞ്ച് ലക്ഷം ദിർഹം (1.03 കോടിയിലേറെ രൂപ) സമ്മാനം . നറുക്കെടുത്ത ആറ് നമ്പറുകളില്‍ അഞ്ചും യോജിച്ച് വന്ന രണ്ടുപേർ സമ്മാനത്തുകയായ 10 ലക്ഷം ദിര്‍ഹം വീതിച്ചെടുക്കുകയായിരുന്നു. മലയാളിയായ ഇലക്ട്രിക്കൽ എൻജിനീയർ ജോഷി ഐസക്കാണ് ഇതിലൊരാൾ.
നാൽപ്പത്തി അഞ്ചുകാരനായ ജോഷി ഐസക്ക് 15 വർഷമായി യുഎഇയിൽ സ്ഥിരതാമസമാണ്. ഇത്തരമൊരു സമ്മാനം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു ജോഷിയുടെ ആദ്യ പ്രതികരണം. എമിറേറ്റ്സ് ലോട്ടോ അധികൃതര്‍ ബന്ധപ്പെട്ടപ്പോള്‍ ജോഷിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. സമ്മാനം ലഭിച്ച കാര്യം എമിറേറ്റ്സ് ലോട്ടോ വെബ്സൈറ്റ് സന്ദര്‍ശിച്ച് ജോഷി നേരിട്ട് ഉറപ്പുവരുത്തുകയായിരുന്നു.
“വളരെയധികം സന്തോഷവാനാണ്. അത്ഭുതകരമായ ഈ ഭാഗ്യലബ്ധിയില് ദൈവത്തിനോടും എമിറേറ്റ്സ് ലോട്ടോയോടും നന്ദി രേഖപ്പെടുത്തുന്നു. സ്ഥിരമായി നറുക്കെടുപ്പുകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു വിജയം നേടാന്‍ മാത്രം ഭാഗ്യവാനാണെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല,” ജോഷി പറഞ്ഞു.
ഇതാദ്യമായല്ല ജോഷി ഐസക് എമിറേറ്റ്സ് ലോട്ടോ നറുക്കെടുപ്പില്‍ വിജയം കൈവരിക്കുന്നത്. മുമ്പ് നറുക്കെപ്പിലേക്ക് സൗജന്യ എന്‍ട്രി നേടിയ ആയിരക്കണക്കിന് ആളുകളില്‍ ജോഷിയും ഉള്‍പ്പെട്ടിരുന്നു. ഈ വിജയത്തിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായി ജോഷി വ്യക്തമാക്കി.