ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടി വീണ്ടുമൊരു മലയാളി. നാല്‍പ്പത്തിയെട്ടുകാരനായ കോശി വര്‍ഗീസാണ് 10 ലക്ഷം യു എസ് ഡോളര്‍ (7.90 കോടി രൂപ) നേടിയത്.
ദുബായില്‍ താമസിക്കുന്ന കോശി വര്‍ഗീസ് വര്‍ഷങ്ങളായി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഇതാദ്യമായാണു സമ്മാനാര്‍ഹനാകുന്നത്. ഇത്തവണ കൊച്ചിയില്‍നിന്നു ദുബായിലേക്കുള്ള യാത്രയ്ക്കിടെ സ്‌റ്റോറില്‍നിന്നാണു ടിക്കറ്റെടുത്തത്.
”കുറച്ചു വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. ഒടുവില്‍ വിജയിച്ചതില്‍ അതിയായ സന്തോഷം,”കോശി വര്‍ഗീസ് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മില്ലേനിയം മില്യണയര്‍ സീരീസ് 396ലെ 0844 എന്ന നമ്പറിനാണു സമ്മാനം. ഇന്നാണു നറുക്കെടുപ്പ് നടന്നത്.
1999-ല്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം നേടുന്ന 195-ാമത്തെ ഇന്ത്യക്കാരനാണു കോശി വര്‍ഗീസ്. മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ്. അതിനാല്‍ വിജയികളില്‍ ഏറെയും ഇന്ത്യക്കാരാണ്.
ഇന്നു നടന്ന നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരന്‍ ആഡംബര ബൈക്കിന് അര്‍ഹനായി. ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ അര്‍ജുന്‍ സിങ്ങാണു ബി എം ഡബ്ല്യു ആര്‍ 9 ടി പ്യൂര്‍ ബൈക്ക് സ്വന്തമാക്കയത്. 507 സീരിസിലെ 0959 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം.
ജൂലൈ 20നു നടന്ന നറുക്കെടുപ്പില്‍ അര്‍ജുന്‍ സിങ് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് നേടിയിരുന്നു.