ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്കു ഭാഗ്യ കടാക്ഷം. ഒമാനിലെ മസ്കത്തില് താമസിക്കുന്ന ജോണ്‍ വര്‍ഗീസിനാണു 7.82 കോടി രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനമായി ലഭിച്ചത്.
392-ാം സീരീസ് നറുക്കെടുപ്പില്‍ 0982 എന്ന ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. അറുപത്തി രണ്ടുകാരനായ ജോണ്‍ വര്‍ഗീസ് 35 വര്‍ഷമായി പ്രവാസിയാണ്. നിലവില്‍, മസ്കത്തില് കണ്‍സ്യുമര്‍ ഗുഡ്സ് കമ്പനിയില്‍ ജനറല്‍ മാനേജറാണ്.
ആറ് വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്ന ജോണ്‍ വര്‍ഗീസിന് ഇതാദ്യമായാണു സമ്മാനം ലഭിക്കുന്നത്. പതിവായി ദുബായില്‍ വന്നുപോകാറുള്ള ജോണ്‍ വര്‍ഗീസ് കോവിഡിനു മുന്‍പു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കൗണ്ടറില്നിന്നായിരുന്നു ടിക്കറ്റ് വാങ്ങിച്ചിരുന്നത്. ഇത്തവണ ഓണ്‍ലൈനിലൂടെയാണു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. മേയ് 29നായിരുന്നു ഇത്.
Also Read: എക്സ്പോ 2020 സൈറ്റ് ഇനി ‘എക്സ്പോ സിറ്റി ദുബായ്’; ഒക്ടോബറില്‍ തുറക്കും
സമ്മാനത്തുകയില്‍ വലിയൊരു ഭാഗം വിരമിക്കല്‍ ജീവിതത്തിനായി മാറ്റിവയ്ക്കാനാണു രണ്ടു കുട്ടികളുടെ പിതാവായ ജോണ്‍ വര്‍ഗീസിന്റെ തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കുവേണ്ടിയും തുക ഉപയോഗിക്കും.
1999-ല്‍ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ചശേഷം 10 ലക്ഷം ഡോളം സമ്മാനമായി ലഭിക്കുന്ന 192-ാമത്തെ ഇന്ത്യക്കാരനാണ് ജോണ്‍വര്‍ഗീസ്. നേരത്തെ സമ്മാനം ലഭിച്ചവരില്‍ ഒട്ടേറെ മലയാളികളുണ്ട്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ പേരും ഇന്ത്യക്കാരാണ്. കേരളത്തില്‍നിന്ന് ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങുന്ന നിരവധി പേരുണ്ട്.