ദുബായ്: യുവ മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയ- സുബൈദ ദമ്പതികളുടെ മകന് സബീല്‍ റഹ്മാനാ (25)ണു മരിച്ചത്. തിങ്കളാഴ്ചയാണ് അപകടം നടന്നത്.
പ്ലാനിങ് എന്‍ജിനീയറായ സബീല്‍ റഹ്മാന് സിലിക്കോണ്‍ ഒയാസിസിലെ റസിഡന്‍ഷ്യല്‍ അപ്പാര്ട്ട്മെന്റിനുമുകളില്നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. വര്‍ക്ക് സൈറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്നാണു സബീല്‍ വീണതെന്നു സാമൂഹിക പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
”സംഭവം അല്‍പ്പം അസാധാരണമാണ്. എന്തിനാണ് അദ്ദേഹം തന്റെ വര്‍ക്ക് സൈറ്റിനടുത്തുള്ള കെട്ടിടത്തിലേക്കു പോയതെന്നതില്‍ ഞങ്ങള്‍ക്കു വ്യക്തതയില്ല. സബീലിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി കുടുംബത്തിനും അറിയില്ല,” നസീര്‍ വാടാനപ്പള്ളി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Read Also: Explained: വിവാദത്തിൽ ശ്രുതി തെറ്റിയ ‘കരുണ’ സംഗീതനിശ; വസ്തുതയെന്ത്?
ദുബായ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്കുശേഷം സ്വദേശമായ തിരൂരിലേക്കു കൊണ്ടുപോകുമെന്നു നസീര്‍ പറഞ്ഞു. റാഷിദിയ പോലീസ് സ്റ്റേഷനില്‍നിന്ന് തുടർ നടപടികള്‍ക്കായി കാത്തിരിക്കുകയാണു സബീല്‍ റഹ്മാന്റെ കുടുംബം.
നാല് സഹോദരങ്ങളില്‍ ഇളയവനായിരുന്നു റഹ്മാന്. 2018 മുതല്‍ ദുബായിലുണ്ട്. ഫാസില ഷെറിന്, ജംഷീന, ഗയാസ് എന്നിവരാണു സഹോദരങ്ങള്‍.