/indian-express-malayalam/media/media_files/uploads/2019/12/pic-2.jpg)
അബുദാബി: സലാം സ്ട്രീറ്റിലെ ജൗദ എന്ന സലൂണിലേക്ക് ആളുകളെത്തുന്നതു സുന്ദരനാവാന്‍ വേണ്ടി മാത്രമല്ല, മികച്ച കലാസൃഷ്ടികള്‍ സ്വന്തമാക്കാന്‍ കൂടിയാണ്. അതിമനോഹര ചിത്രങ്ങള്‍ ജനിക്കുന്ന ആര്‍ട്ട് ഗാലറിയാണു മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി റഷീദ് അലിയുടെ ഈ ബാര്‍ബര്‍ ഷോപ്പ്.
കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ചിത്രം വരച്ച ശീലം റഷീദലിക്കുണ്ടായിരുന്നില്ല. പ്രവാസജീവിതത്തിന്റെ വിരസതകള്‍ക്കിടയില്‍ പത്തു വര്‍ഷം മുമ്പെപ്പോഴോ ആണ് റഷീദലിയുടെ വിരലുകള്‍ക്കു ബ്രഷുകള്‍ കൂട്ടുകാരായത്.
സലൂണിലും താമസസ്ഥലത്തും ആരും കാണാതെയാണ് ആദ്യകാലങ്ങളില്‍ ചിത്രങ്ങൾ വരച്ചിരുന്നത്. ഇതിനിടെ ചിലർ കണ്ട് നല്ല അഭിപ്രായങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചതോടെ ഓയില്‍ പെയിന്റിങ്, ജലച്ഛായം, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ സങ്കേതങ്ങളിലൂടെ തുണിയിലും പേപ്പറിലും ഗ്ലാസിലുമെല്ലാം ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ ജനിച്ചു. പല ചിത്രങ്ങളും തേടി ആവശ്യക്കാരേറെയെത്തി. പലരും ചിത്രങ്ങള്‍ മുന്‍കൂട്ടി ബുക്കു ചെയ്തു.
അബുദാബി മീനയിലെയും സഫീര്‍മാളിലെയും ഗാലറികളില്‍ റഷീദിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചില ചിത്രങ്ങള്‍ക്കു വലിയ വില ലഭിച്ചതായി റഷീദലി പറഞ്ഞു. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഈയടുത്ത് നടന്ന ഫെസ്റ്റിവലില്‍ റഷീദലിയുടെ ചിത്രങ്ങള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ്, പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്, അബുദാബി കിരീടാവകാശിയും ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഫെസ്റ്റിവലിലെത്തിയ ഒട്ടേറെ പേരെയാണ് ആകര്‍ഷിച്ചത്.
ചിത്രരചനക്കൊപ്പം മിറര്‍ ഇമേജില്‍ തലതിരിച്ചെഴുതുന്ന കഴിവും റഷീദിനുണ്ട്. മലയാളം, അറബി, ഇംഗ്ലീഷ് വാക്കുകള്‍ അനായാസം റഷീദ് തലതിരിച്ചെഴുതുമ്പോള്‍ കാഴ്ചക്കാരില്‍ വിസ്മയം നിറയുന്നു. കടലാസും കാര്‍ഡ് ബോര്‍ഡും കൊണ്ട് റഷീദലി നിര്‍മിച്ച പള്ളിയും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രരചനയില്‍ പ്രഫഷണല്‍ പഠനം നടത്തണമെന്നതാണു റഷീദലിയുടെ വലിയ സ്വപ്‌നങ്ങളിലൊന്ന്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.