റിയാദ്: തന്റെ കാറി​ന്​ പിന്നിലിടിച്ച വാഹനത്തിന്റെ പടമെടുക്കാൻ ശ്രമിക്കുന്നതിനിടെ അടിയേറ്റ്​ മലയാളിയുടെ കണ്ണിന്​ കാഴ്​ച നഷ്​ടപ്പെട്ടു. കോഴിക്കോട് കൊടുവള്ളി അരീക്കുളം സ്വദേശി മാത്തോത്ത് ജനാർദ്ദനന്റെ​ (44) വലത്​ കണ്ണിനാണ്​ 20 ശതമാനം കാഴ്​ച ​പോയത്​. വിദഗ്​ധ ചികിത്സക്കായി കഴിഞ്ഞ ദിവസം നാട്ടിലേക്ക്​ പോയി. മൂന്നാഴ്​ച മുമ്പുണ്ടായ സംഭവത്തെ തുടർന്ന്​ സഹായം തേടി ഇന്ത്യൻ എംബസിയിൽ സമീപിച്ചപ്പോഴാണ്​ പുറംലോകം വാർത്ത അറിഞ്ഞത്​.

റിയാദ്​ എക്സിറ്റ് ഏഴിലെ ട്രാൻസ്​പോർട്ടേഷൻ കമ്പനിയിൽ രണ്ടുവർഷമായി ഡ്രൈവറായ ഇയാൾ വിമാനത്താവളത്തിൽ നിന്ന്​ സുഹൃത്തിനെ കൊണ്ടുവരാൻ പോയപ്പോഴാണ്​ സംഭവം. വിമാനത്താവളത്തിന്​ സമീപമുള്ള ​പൊലീസ്​ ചെക്ക്​ പോസ്​റ്റ്​ കഴിഞ്ഞയുടനെ പിന്നിൽ മറ്റൊരു കാർ വന്നിടിച്ചു. കാർ നിർത്തി ഇറങ്ങി നോക്കിയപ്പോൾ തന്റെ കാറി​ന്റെ പിൻവശത്ത്​ സാരമായ തകരാറുണ്ടായതായി കണ്ടു. ഇൻഷുറൻസ്​ ആവശ്യത്തിനായി ഇടിച്ച കാറി​ന്റെ ഫോ​ട്ടോ മൊബൈൽ ഫോണുപയോഗിച്ച്​ എടുക്കാൻ ശ്രമിക്കു​മ്പോഴാണ്​ അടിയേറ്റത്​. ഇടിച്ച കാറി​ന്റെ ​ഡ്രൈവറാണ്​ പ്രകോപിതനായി വടിയുമായി പുറത്തിറങ്ങി അടിച്ചത്​. വലത്തെ കണ്ണി​ന്റെ ഭാഗത്തേറ്റ അടിയിൽ നിലതെറ്റി ജനാർദ്ദനൻ വീണുപോയി. ചോരയിൽ കുളിച്ച്​ റോഡരുകിൽ കിടന്ന ഇയാളെ ഒരു സ്വദേശി​ ചെക്ക്​ പോസ്​റ്റിലെ പൊലീസിന്​ അടുത്തെത്തിച്ചു​. അപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.

പൊലീസ്​ ഉടനെ ആംബുലൻസ്​ വരുത്തി വിമാനത്താവളത്തിലെ എമർജൻസി ക്ലിനിക്കിലെത്തിച്ച്​ പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ബദീഅ കിങ്​ സൽമാൻ ആശുപത്രിയിലേക്ക് മാറ്റി. കണ്ണിന്​ സാരമായി പരുക്കേറ്റതിനാൽ 20 ശതമാനം കാഴ്ച നഷ്​ടപ്പെട്ടിട്ടുണ്ടെന്നും ശസ്​ത്രക്രിയ ചെയ്താലേ ശേഷി തിരിച്ചുകിട്ടുവെന്നും​ ഡോക്ടർമാർ അറിയിച്ചു. ശസ്​ത്രക്രിയക്ക് വൻതുക ചെലവാകുമെന്നതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം നാട്ടിൽ പോയി വിദഗ്​ധ ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ്​ സഹായം തേടി എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തെ സമീപിച്ചത്​.
ഇന്ത്യൻ സോഷ്യൽ ഫോറം ജീവകാരുണ്യ വിഭാഗം ചെയർമാൻ മുനീബ് പാഴൂരിനെ എംബസി അധികൃതർ ചുമതലപ്പെടുത്തിയത്​ പ്രകാരം പൊലീസുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തി. ഇടിച്ച വാഹനത്തേയോ അക്രമിയേയൊ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും എന്നാൽ കേസെടുത്ത്​ അന്വേഷണം തുടരുകയാണെന്നുമാണ്​ പൊലീസ്​ അറിയിച്ചത്​.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ