റിയാദ്: വാഹനത്തിന്റെ നമ്പർ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ടതിന്റെ പേരിൽ സൗദി അറേബ്യയിൽ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് എറണാകുളം കോതമംഗലം സ്വദേശി ജൂബി ലൂക്കോസ്. റിയാദിലെ സുമൈഷിയിലാണ് ജൂബി താമസിക്കുന്നത്. തന്റെ വീടിനു സമീപത്തായി കേടുവന്നതിനെ തുടർന്ന് ഉപയോഗിക്കാതിരുന്ന വാഹനം ജൂബി പാർക്ക് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനൊരുങ്ങുമ്പോഴാണ് കാറിന്റെ നമ്പർ പ്ളേറ്റ് നഷ്‌ടമായത്‌ ജൂബിയുടെ ശ്രദ്ധയിൽ പെട്ടത്.

കമ്പനിയിൽ മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതിനാൽ വൈകീട്ട് പൊലീസിൽ പരാതിപ്പെടാമെന്ന് കരുതി ജോലി സ്ഥലത്തേക്ക് പോയി. പക്ഷേ സ്പോൺസറെയും ട്രാഫിക് വിഭാഗത്തിൽ ജോലി ചെയ്യുന്ന പരിചയമുളള പൊലീസ് ഉദ്യോഗസ്ഥനെയും ജോബി ഫോണിൽ ഇക്കാര്യം അറിയിച്ചു. മീറ്റിങ് കഴിഞ്ഞാലുടൻ ദീര പൊലീസിൽ പരാതി നൽകണമെന്ന് ഇരുവരും ജൂബിക്ക് നിർദേശം നൽകി. വൈകീട്ട് നാലുമണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്നതിനിടെ സ്പോൺസർ ഫോണിൽ വിളിച്ചു. ജൂബിയെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉടൻ ദീര പൊലീസ് സ്റ്റേഷനിൽ എത്തണമെന്നും പഞ്ഞു.

പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ജൂബിയെ പൊലീസ് ഫോണിൽ വിളിച്ചു. സുമൈഷി ഹോസ്പിറ്റലിന് സമീപത്ത് വരാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗവും ചേർന്ന് ജൂബിയെ പൊലീസ് വാഹനത്തിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ചോദ്യം ചെയ്തു. ശുമൈസിക്കടുത്ത് എടിഎം മെഷീനിലേക്ക് പണം നിക്ഷേപിക്കാൻ പോയ വാഹനം ഒരു സംഘം ആക്രമിച്ചു പണം തട്ടിയെന്നും ഒരാൾ കൊല്ലപ്പെട്ടെന്നും ഇതിനായി അക്രമികൾ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ളേറ്റ്‌ ജൂബിയുടേതാണെന്നും പൊലീസ് പറഞ്ഞു. നമ്പർ പ്ളേറ്റ് നഷ്‌ടമായത് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ സ്പോൺസറെയും പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനെയും വിവരം അറിയിച്ചുവെന്ന് ജൂബി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പൊലീസ് അവരെ ബന്ധപ്പെട്ട് അക്കാര്യം ഉറപ്പുവരുത്തി.

ജൂബിയുടെ വീടിനു സമീപത്തായി മലയാളി കുടുംബം താമസിച്ചിരുന്ന വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസിന് ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ കാര്യങ്ങൾ പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ജൂബിക്ക് മേൽ പിണഞ്ഞ നിയമക്കുരുക്ക് പൂർണമായും അഴിഞ്ഞിട്ടില്ല. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നഷ്‌ടമായാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അതിൽ താമസം വരുത്തിയാൽ തന്നെപ്പോലെ നിയമക്കുരുക്കിൽ പെടേണ്ടി വരുമെന്നും ജൂബി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook