റിയാദ്​: മലയാളി നഴ്‌സ് പിടിച്ചുപറിക്കാരുടെ ആക്രമണത്തിൽ തലയ്​ക്ക്​ പരിക്കേറ്റ്​ ഗുരുതരാവസ്​ഥയിൽ. ആലപ്പുഴ സ്വദേശി റോജിയുടെ ഭാര്യയും റിയാദ്​ ശുമൈസി കിങ്​ സൗദ്​ ആശുപത്രി സ്​റ്റാഫ്​ നഴ്​സുമായ റോസമ്മ എന്ന ടെജിയാണ്​ (47) ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്​. വ്യാഴാഴ്ച വൈകീട്ടാണ്​ ശുമൈസിയിൽ ആശുപത്രിക്ക്​ സമീപം നിരത്തിൽ വെച്ച്​ ടെജിക്ക്​ നേരെ ആക്രമണമുണ്ടായത്​.

വൈകീട്ട്​ 6.15 ഓടെ ജോലി കഴിഞ്ഞു താമസ സ്​ഥലത്തേക്ക്​ നടന്നുപോകു​ന്പോൾ പിന്നാലെ എത്തിയ രണ്ടംഗ കവർച്ച സംഘം അക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള പടി കയറുമ്പോൾ അക്രമികൾ ബാഗ് പിടിച്ചുവലിച്ചു. ഞെട്ടിത്തിരിഞ്ഞ ടെജി ബാഗി​ന്റെ പിടിവിടാതായതോടെ അക്രമികൾ ബലമായി പിടിച്ചുവലിച്ചിടുകയായിരുന്നു. നിലതെറ്റി പടിക്കെട്ടിലൂടെ താഴേക്ക് വീണ ടെജിയുടെ തല കോൺക്രീറ്റ്​ തറയിലിടിച്ച്​ ഗുരുതരമായ പരുക്കേറ്റു. ബോധമറ്റ് കിടന്ന ടെജിയെ വിവരമറിഞ്ഞ്​ ഓടിയെത്തിയ റോജിയുടെ സഹോദരനും മറ്റും ചേർന്ന്​ ആശുപത്രിയിൽ എത്തിച്ചു. തലയുടെ പിൻഭാഗത്ത്​ ഗുരുതര പരുക്കാണേറ്റത്​. അന്ന്​ രാത്രിയിൽ തലയോട്ടിയുടെ ഒരു ഭാഗം നീക്കി അടിയന്തര ശസ്​ത്രക്രിയ നടത്തി.

ടെജി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. ഹയിലെ ജിമാർട്ട്​ ഡിപ്പാർട്ട്​മെന്റ് സ്​റ്റോറിൽ ജീവനക്കാരനാണ്​ റോജി. സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോടി​ന്റെ സഹായത്തോടെ ദീറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 20 വർഷമായി റിയാദിലുള്ള റോസമ്മ ശുമൈസി ആശുപത്രിയിലെ പീഡിയാട്രിക്​ വാർഡിൽ സ്​റ്റാഫ്​ നഴ്​സാണ്​. ഏക മകൻ രോഹിത്​ നാട്ടിൽ വിദ്യാർഥിയാണ്​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ