മനാമ: ഫ്ലാറ്റിലെ തീപിടുത്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട തൊഴിലാളികള്‍ താമസിക്കാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്നു. ഉടുതുണിയൊഴികെ എല്ലാം നഷ്ടപ്പെട്ടതൊഴിലാളികള്‍ പെരുവഴിയിലായിരിക്കയാണ്.

മുറി അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കാന്‍ കുറേ സമയമെടുക്കുമെന്നും മറ്റു സ്ഥലം നോക്കാനുമാണു കെട്ടട ഉടമ പറയുന്നതെന്നു തൊഴിലാളികള്‍ പറഞ്ഞു. തീപിടുത്തമുണ്ടായ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലെ ഒരു മുറി ഇവര്‍ക്കു താല്‍ക്കാലികമായി താമസിക്കാന്‍ നല്‍കിയിരുന്നു. റൂഫ് ടോപ്പായ ഇവിടെ ഏസിയില്ല. കൊടിയ ചൂടില്‍ ഇന്നലെ രാത്രി തൊഴിലാളികള്‍ ഇവിടെയാണു കഴിച്ചു കൂട്ടിയത്. എന്നാല്‍ ഇനിയുള്ള ദിവസങ്ങള്‍ എങ്ങിനെ തള്ളിനീക്കുമെന്നറിയാതെ ദുരിതത്തിലാണു തൊഴിലാളികള്‍. പലരും നല്‍കിയ വസ്ത്രമാണ് ഇവര്‍ ധരിക്കുന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും തീപ്പിടിത്തത്തില്‍ നശിച്ചിരുന്നു.

അഞ്ചു തൊഴിലാളികള്‍ പലയിടത്തും താമസ സ്ഥലം അന്വേഷിച്ചെങ്കിലും താങ്ങാന്‍ കഴിയാത്ത വാടകയാണു പലരും ആവശ്യപ്പെടുന്നത് എന്നതിനാല്‍ നിരാശരായി തിരിച്ചു പോരുകയായിരുന്നു.

അഷ്‌റഫ് തൃശൂര്‍, അബ്ദുല്ല കാസര്‍ക്കോട്, രമേഷ് ഗുരുവായൂര്‍, ജയപ്രകാശ് മലപ്പുറം, അശോകന്‍ തിരുവനന്തപുരം എന്നിവരാണു മുറിയില്‍ താമസിച്ചിരുന്നത്.

മനാമ ഷിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനു സമീപത്തെ ഫ്ലാറ്റില്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരിക്കെ വെള്ളിയാഴ്ച പുലര്‍ച്ചെ തീ പടര്‍ന്നത്. മെയിന്‍ സ്വിച്ചു സ്ഥാപിച്ച സ്വിച്ച് ബോര്‍ഡില്‍ തീ പിടിച്ചു ഫഌറ്റിന്റെ വാതിലിലേക്കു തീ പടരുകയായിരുന്നു. പുറത്തുള്ളവര്‍ ഇതു കണ്ടു ബഹളം വച്ചതിനെ തുടര്‍ന്നാണ് അകത്ത് ഉറങ്ങുകയായിരുന്നു തൊഴിലാളികള്‍ അറിഞ്ഞത്. മുറിയില്‍ പുക മൂടുന്നതിനു മുമ്പ് തൊഴിലാളികള്‍ പുറത്തു ചാടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മുറിയില്‍ സൂക്ഷിച്ച എല്ലാ വസ്തുക്കളും കത്തിയമര്‍ന്നു. നാട്ടില്‍ പോകാനായി ഒരു തൊഴിലാളി വാങ്ങി സൂക്ഷിച്ച ടി വിയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള നിരവധി വിലപിടിപ്പുള്ള സാധനങ്ങള്‍ കത്തി നശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ