മനാമ: ബഹ്‌റൈനില്‍ തൊഴിലുടമയെ കബളിപ്പിച്ച് പണവുമായി മലയാളി നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി. ഗുദൈബിയയിലെ ഖ്‌വാസ്വീന്‍ ബ്രോസ്റ്റഡ് ചിക്കന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത വയനാട് സ്വദേശിക്കെതിരെയാണ് തൊഴിലുടമ പൊലിസില്‍ പരാതി നല്‍കിയത്. കടയുടെ മേല്‍നോട്ടം വയനാട് സ്വദേശിക്കെതിരെയായിരുന്നു. നിത്യേന 400 ദിനാറോളം കച്ചവടം നടക്കുന്ന സ്ഥാപനത്തില്‍ വിവിധ ഏജന്‍സികളില്‍ നിന്നാണ് ചിക്കന്‍ വാങ്ങിയിരുന്നത്. കൂടുതല്‍ ബിസിനസ് നടക്കുന്ന സ്ഥാപനമായതിനാല്‍ പലപ്പോഴും ഏജന്‍സികള്‍ കടമായി സാധനങ്ങള്‍ നല്‍കിയിരുന്നു. ആ ബന്ധം മുതലാക്കിയാണ് ഇയാള്‍ പണാപഹരണം നടത്തിയത്.

കഴിഞ്ഞ മാസം എട്ടാം തീയതിയാണ് ഇയാള്‍ സ്ഥലം വിട്ടതെന്നാണ് കരുതുന്നത്. അന്ന് ജോലിക്കു ശേഷം വീട്ടിലെത്തിയ ശേഷം അല്‍പ്പസമയം കഴിഞ്ഞു പുറത്തുപോയ ഇയാളെ പിന്നീട് കണ്ടില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നാട്ടിലേയ്ക്ക് മുങ്ങിയതായി വിവരം ലഭിച്ചത്. നാട്ടിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വീട്ടുകാര്‍ക്ക് അസുഖമായതിനാല്‍ പെട്ടെന്ന് വന്നതാണെന്നും ഉടന്‍ തന്നെ ബഹ്‌റൈനിലേയ്ക്ക് മടങ്ങിയെത്തും എന്നുമുള്ള വിവരമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വിളിച്ചപ്പോള്‍ കിട്ടാതായതായും തൊഴിലുടമ പറഞ്ഞു. ഇയാള്‍ കടയില്‍ നിന്നും തൊഴിലുടമയ്ക്ക് കൊടുക്കാനുള്ള പണം കൊടുത്തിരുന്നില്ലെന്ന് മാത്രമല്ല ചിക്കന്‍ ഡെലിവറി ചെയ്യുന്ന ഏജന്‍സികള്‍ക്ക് കൊടുക്കാന്‍ എന്ന പേരില്‍ തൊഴിലുടമയില്‍ നിന്നും കൈപ്പറ്റിയ ആയിരക്കണക്കിന് ദിനാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടില്ലെന്നും തൊഴിലുടമ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി വഴി നാട്ടില്‍ കേസ് കൊടുക്കാനും തീരുമാനിച്ചതായി തൊഴിലുടമ പറഞ്ഞു.

ഹെല്‍ത്ത് സെന്ററുകളിലെ ഡോക്ടർമാരെ കാണാന്‍ ഓണ്‍ലൈന്‍ സൗകര്യം
മനാമ: ബഹ്‌റൈന്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും ഹെല്‍ത്ത് സെന്ററുകളില്‍ രാവിലെ ഷിഫ്റ്റിലുള്ള ജനറല്‍ പ്രാക്റ്റീഷനര്‍മാരുമായി ഓണ്‍ലൈന്‍ വഴി അപ്പോയിന്റ്മെന്റ് എടുക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ഹെല്‍ത്ത് ഇന്‍ഫോമാറ്റിക്‌സ് ഡയറക്ടര്‍ ഖാലിദ് അല്‍ ജലാമ അറിയിച്ചതാണിക്കാര്യം.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 28 ഹെല്‍ത്ത് സെന്ററുകളാണ് ഉള്ളത്. www.moh.gov.bh അല്ലെങ്കില്‍ www.bahrain.bh എന്നീ വെബ്‌സൈറ്റുകള്‍ വഴി ഡോക്ടറുമായുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഉച്ചക്കുശേഷമുള്ള ഷിഫ്റ്റിലേക്കും സ്‌പെഷലൈസ്ഡ് ക്ലിനിക്കുകളിലേക്കുമുള്ള ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം പിന്നീട് ഏര്‍പ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ