റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ കഴിഞ്ഞ ദിവസം നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച മൂന്ന് കുരുന്നുകളുടെ വിയോഗത്തിൽ നടുക്കവും നൊമ്പരവും പേറി പ്രവാസി സമൂഹം. കൊല്ലം കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നായ്ക്കാന്‍റയ്യത്ത് വീട്ടില്‍ നവാസ് ബഷീര്‍ -സൗമി ദമ്പതികളുടെ മക്കളായ ഷാമസും, സൗഫാനും ഗുജറാത്തി സ്വദേശി രവി റീന ദമ്പതികളുടെ മകന്‍ ഹാര്‍ദിക്ക് എന്നിവരാണ് നീന്തൽ കുളത്തിൽ വീണ് മരിച്ചത്.

കഴിഞ്ഞ കുറെ കാലമായി പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന നീന്തൽ കുളത്തിൽ കഴിഞ്ഞ ആഴ്ച സൗദിയിൽ പരക്കെ പെയ്ത മഴയിൽ വെള്ളം നിറഞ്ഞിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടത്തെിയത്. ഉടൻ അല്‍മുന ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളുടെ വിയോഗത്തിൽ മനം നൊന്ത് കുട്ടികളുടെ മാതാപിതാക്കളായ നവാസ് ബഷീറും സൗമിയും നാട്ടിലേക്ക് മടങ്ങി. കുരുന്നുകളുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയയ്ക്കും. ഹാര്‍ദ്ദികിന്റെ മൃതദേഹവും നാട്ടിലാണ് സംസ്കരിക്കുന്നത്. അതിനായുള്ള നടപടികള്‍ ക്രമങ്ങളും നടക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഇന്ത്യന്‍ സ്കൂളിന് ചൊവ്വാഴ്ച അവധി നൽകി.

വലിയ സൗഹൃദ വലയത്തിനുടമയും ദമാമിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ നവാസിനും കുടുംബത്തിനുമുണ്ടായ ദുരന്തത്തിൽ ദുഃഖത്തിലായ സുഹൃത്തുക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന കുറിപ്പുകളെഴുതി. പലരും ആശ്വസിപ്പിക്കാനായി നേരിട്ടെത്തി. ഗൾഫ് നാടുകളിൽ നിന്ന് വിവരങ്ങളറിയാൻ ദമാമിലെ സാമൂഹ്യ പ്രവർത്തകർക്കും ബന്ധുമിത്രാതികൾക്കും അണമുറിയാതെ ടെലിഫോൺ കാളുകളും സന്ദേശങ്ങളും ഒഴുകി. നാസ് വക്കം ഉൾപ്പടെയുള്ള സാമൂഹ്യപ്രവർത്തർ സഹായത്തിനായി രംഗത്തുണ്ട്.

വാർത്ത: നൗഫല്‍ പാലക്കാടന്‍

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ