മനാമ: സോഷ്യല്‍ മീഡിയയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് മോശം പ്രചാരണം നടത്തിയ മലയാളിയെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്തു. ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവാണ് പിടിയിലായത്. പ്രതിയുടെ പേര് വിവരങ്ങള്‍ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിയുടെ ഫോട്ടോയും സ്വന്തം ഭാഷയിലുള്ള നീചമായ വോഴ്‌സു റെക്കോര്‍ഡും സ്‌ക്രീന്‍ഷോട്ടും ബഹ്‌റൈനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ ഫെയ്സ്ബുക്ക് വാളിലും കമന്റുകളിലും സമാനമായ നിരവധി പ്രതികരണങ്ങള്‍ കണ്ടെത്തി. ബഹ്‌റൈനിലുള്ള അധികൃതര്‍ക്ക് തന്നെ പിടികൂടാനാകില്ലെന്നും പ്രതി കമന്റിട്ടിരുന്നു. ഇത്തരം പ്രതികരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ചിലര്‍ പൊലീസില്‍ നല്‍കിയ പരാതിയിൽ സൈബര്‍ സെൽ അന്വേഷണം നടത്തുകയും തിങ്കളാഴ്ച രാത്രി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയുമയായിരുന്നു.

പ്രതിയെ വിമര്‍ശിച്ച് ബഹ്‌റൈനിലെ ജാതിമതസംഘടനാ വ്യത്യാസമില്ലാതെ നിരവധി മലയാളികളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. അന്യമതങ്ങളെ മാനിക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന ബഹ്‌റൈന്‍ പോലുള്ള ഒരു രാജ്യത്ത് ചിലര്‍ നടത്തുന്ന ഇത്തരം ദുഷ്‌ചെയ്തികള്‍ മലയാളികള്‍ക്ക് മൊത്തത്തില്‍ അപമാനമാനമാണെന്നും അപകടകരമാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

അറസ്റ്റിലായ പ്രതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക മലയാളികള്‍ക്കും അറിയാമെങ്കിലും പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബഹ്‌റൈനില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്നവരോ വിചാരണ നേരിടുന്നവരോ ആയ പ്രതികളുടെ പേര് വിവരങ്ങള്‍ കോടതിയോ, പൊലീസോ വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നതാണ് നിയമം. ഇയാളുടെ പോസ്റ്റില്‍ കമന്റ് ചെയ്തവരും നിരീക്ഷണത്തിലാണ്.

എല്ലാ മതക്കാര്‍ക്കും ആരാധനയ്ക്കും ആശയ പ്രചരണത്തിനും തുറന്ന അവസരവും സ്വാതന്ത്രവും നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. എന്നാല്‍ അന്യമതങ്ങളെ അപമാനിക്കാനോ മതചിഹ്നങ്ങളെ അവഹേളിക്കാനോ പാടില്ല. ഇത്തരം കേസുകളില്‍ പ്രതികളാകുന്നവരെ ജയിലിലടക്കുകയും ശിക്ഷാ കാലാവധിക്കു ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളിലെവിടെയും വീണ്ടും പ്രവേശിക്കാന്‍ കഴിയാത്ത വിധം നിരോധനം നല്‍കി നാടുകടത്തുകയും ചെയ്യും.

ഈയിടെ സൗദിയിലും യുഎഇയിലും സമാനമായ കേസുകളില്‍ ഇന്ത്യക്കാര്‍ പിടിയിലായിരുന്നു. ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സജീവമായ ഒരു വര്‍ഗീയ സംഘടനയുമായി ആഭിമുഖ്യം പുലര്‍ത്തുന്നവരാണ് പിടിയിലായവര്‍ എല്ലാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ