റിയാദ്: പൊള്ളയായ വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച സംസ്ഥാന സർക്കാരിനെതിരെയും ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ചോദ്യം ചെയ്യും വിധമുള്ള ഫാഷിസ്റ്റ് നിലപാട് വച്ചു പുലർത്തുന്ന മോദി സർക്കാരിനെതിരെയുമുള്ള പ്രധിഷേധമായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്ന് കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. “അച്ചേ ദിൻ” വാഗ്‌ദാനം ചെയ്തവർ “അയ്യേ ദിൻ” ആണ് സമ്മാനിച്ചതെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ആ തിരിച്ചറിവിൽ നിന്നുള്ള പ്രതിഷേധത്തിനായിരിക്കും മലപ്പുറത്തെ വോട്ടർമാർ അവരുടെ വോട്ടവകാശം വിനിയോഗിക്കുക.

മലപ്പുറത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ സ്ഥാനാർത്ഥിയെ കിട്ടാൻ സിപിഎം അലഞ്ഞത് ജനങ്ങൾക്കിടയിലുള്ള പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സ്വീകാര്യത ബോധ്യപ്പെടുത്തുന്നതാണ്. അതേസമയം നിലവിലെ സ്ഥാനാർത്ഥിയെ വില കുറച്ച് കാണുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. റിയാദിൽ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ഉപ തിരഞ്ഞെടുപ്പ് പ്രചാരണ ക്യാംപയിൻ ഉടൻ ആരംഭിക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫയും ജനറൽ സെക്രട്ടറി മൊയ്തീൻ കോയയും അറിയിച്ചു.

ഇതിനായി റിയാദിലെയും പരിസര പ്രദേശങ്ങളിലെയും കെഎംസിസി പ്രവർത്തകരെ സജ്ജമാക്കും. അവധിയിൽ നാട്ടിലുള്ളവർ, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കഴിയുന്ന മുൻ കെ.എം.സി.സി പ്രവർത്തകർ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാട്ടിലേക്ക് പോകുന്ന നേതാക്കൾ പ്രവർത്തകർ എന്നിവരെ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് കെഎംസിസിയുടെ സാന്നിധ്യം സജീവമാക്കുമെന്ന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മൊയ്തീൻ കോയ കല്ലമ്പാറ അറിയിച്ചു.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ