/indian-express-malayalam/media/media_files/uploads/2017/04/kmcc-1.jpg)
റിയാദ് : റിയാദ് നഗരത്തിലെ യു.ഡി.എഫ് ക്യാമ്പുകൾ പുലർച്ചെ മുതൽ മുദ്രാവാക്യ മുഖരിതമായിരുന്നു. ഹൈദരലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും മലപ്പുറത്തെ വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ചാണ് മുദ്രാവാക്യം കൂടുതലും മുഴങ്ങി തുടങ്ങിയത്. പ്രവർത്തകർക്കിടയിലേക്ക് ആവേശ തിരയിളക്കി മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എ യുമായ അബ്ദുറഹിമാൻ രണ്ടത്താണി എത്തിയതോടെ ക്യാമ്പ് മുദ്യാവാക്യങ്ങളാൽ പ്രകമ്പനം കൊണ്ടു. തുടർന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം അക്ബർ അതിഥിയായെത്തി.
ഇന്നലെ ഏറെ നീണ്ട സമയത്തെ കണക്ക് കൂട്ടലുകൾക്കൊടുവിൽ ഉറങ്ങിയത് മിനുട്ടുകൾ മാത്രം. പ്രഭാത നമസ്കാരത്തോടെ ക്യാമ്പുകൾ വീണ്ടും സജീവമായി. വലിയ സ്‌ക്രീനിന് മുന്നിൽ മധുരമില്ലാത്ത കട്ടൻ ചായയിൽ തുടങ്ങിയ ചർച്ചയും വിലയിരുത്തലും അവസാനിച്ചത് പച്ച ലഡുവും മധുര പായസവും കഴിച്ച്. പലരും അർധദിന അവധിയിലാണ് തിരഞ്ഞെടുപ്പ് വിവരങ്ങൾ അറിയാൻ പലയിടത്തായി സംഗമിച്ചത്. എന്നാൽ ഇ. അഹമ്മദിന്റെ ഭൂരിപക്ഷം മറി കടക്കാൻ കഴിയാതെ പോയതിലുള്ള ദുഃഖം ചിലർ തുറന്നു പറഞ്ഞു. ചിലർ​ ആ ദുഃഖം ഉള്ളിലൊതുക്കി. ഐക്യ ജനാധിപത്യ മുന്നണിയുടെ അണികൾ സ്‌ക്രീനുകൾക്ക് മുന്നിലുരുന്ന് തന്നെ കയ്യിലുള്ള മൊബൈലുകളും ടാബുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയയിലേക്ക് ട്രോളുകൾ പായിച്ചു കൊണ്ടിരുന്നു.
ന്യായികരിച്ചും മറുപടി പറഞ്ഞും ഇടത് ക്യാമ്പുകളും സജീവമായി. എം.ബി ഫൈസലിന് കിട്ടിയ വോട്ടുകളുടെ എണ്ണം വലിയ വിജയമാണ് സൂചിപ്പിക്കുന്നതെന്നും, ഭരണത്തിനുള്ള അംഗീകാരമാണ് ഫൈസലിന് ലഭിച്ച വോട്ടുകളെന്നും, മുസ്ലിം ലീഗ് വർഗീയ ചേരി തിരിവുണ്ടാക്കിയാണ് വിജയം കൊയ്തതെന്നും ഇടത് നേതാക്കൾ അഭിപ്രായപ്പെട്ടു. പരാജയത്തിനും വിജയത്തിനും ഒരുപാടു കാരണങ്ങൾ ഉണ്ടാകും എന്നാൽ സർക്കാർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം എന്നൊരു ഓർമ്മപ്പെടുത്തൽ തീർച്ചയായും ഈ ഫലത്തിലുണ്ട്. സ്വയംവിമർശനപരമായി പാർട്ടി നേതാക്കൾ ഇതുവിലയിരുത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടത് അനുകൂല സംഘടനായ നവോദയയുടെ മുതിർന്ന ഭാരവാഹി സുധീർ കുമ്മിൾ പറഞ്ഞു.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് റിയാദിൽ അബ്ദുറഹ്മാൻ രണ്ടത്താണി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുപ്പിച്ച് വിജയാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി മൊയ്‌തീൻ കോയ കല്ലമ്പാറ അറിയിച്ചു.
വാർത്ത : നൗഫൽ പാലക്കാടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.