മനാമ: ലോകത്തിലെ മറ്റൊരു സംഘടനയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത തരത്തിലുള്ള ലക്ഷണമൊത്ത ഫാസിസ്റ്റ് ഭീകര സംഘടനയാണ് ആര്‍എസഎസ് എന്ന് ഡിവൈഎഫ്‌വൈ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ . മുസ്സോളിനിയും ഹിറ്റ്‌ലറും പുലര്‍ത്തിയിരുന്ന ആശയങ്ങള്‍ തന്നെയാണ് ആര്‍എസ്എസ്സും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യയുടെ ഭീഷണി മുസ്ലിങ്ങളും ക്രിസ്ത്യാനികളും പിന്നെ കമ്മ്യുണിസ്റ്റുകാരും എന്ന് പറയുന്ന വിചാരധാര പ്രാമാണിക ഗ്രന്ഥമായി അംഗീകരിച്ച സംഘടനയാണ് ആര്‍എസ്എസ്. അവര്‍ക്കു മറ്റു ജനവിഭാഗങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. ആര്‍എസ്എസ് നിയന്ത്രിത ഭരണം തുടര്‍ന്നാല്‍ രാജ്യം നിരപരാധികളായ മനുഷ്യരുടെ ശ്മശാന ഭൂമിയായി മാറുമെന്നും സ്വരാജ് പറഞ്ഞു.ബഹ്‌റൈന്‍ പ്രതിഭ സംഘടിപ്പിച്ച ഇഎംഎസ്-എകെജി ദിനാചരണത്തില്‍ അനുസമരണ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.

ദേശീയത തര്‍ക്കവിഷയമായി ഉയര്‍ത്തികൊണ്ടുവന്നു തങ്ങളെ എതിര്‍ക്കുന്നവരെ എല്ലാം ദേശദ്രോഹികള്‍ എന്ന മുദ്രചാര്‍ത്തുകയാണ് സംഘ പരിവാര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഒരുകാലത്തും ഭരിക്കുന്ന വ്യക്തിയുടെ മതമോ ജാതിയോ നോക്കി ഒരു രാഷ്ട്രീയ ചര്‍ച്ചയും ഉണ്ടായിട്ടില്ല. ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷം ഉള്ള ഈ രാജ്യത്ത് ദീര്‍ഘ കാലം ഭരണം നടത്തിയിരുന്നത് ദല്‍ഹി സുല്‍ത്താന്‍ മാരും മുഗള്‍ ചക്രവര്‍ത്തിമാരും ആയിരുന്നു. ഇന്ത്യയില്‍ മുസ്ലിം മതവിശ്വാസികള്‍ പ്രസിഡന്റ്മാരും മറ്റു നിരവധി ഭരണാധികാരികളുമായിട്ടുണ്ട്. മുൻകാലങ്ങളിൽ താക്കോല്‍ സ്ഥാനത്ത് വരുന്നവർ  മതവും ജാതിയും ഒന്നും പരിഗണിച്ചായിരുന്നില്ല. അതൊരു  പ്രശ്‌നവും അല്ലായിരുന്നു. എന്നാൽ ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു.  അതിനു നിദാനമായതു ആര്‍എസ്എസ്സിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബിജെപിക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി എന്നതാണ് എന്നും എം സ്വരാജ് പറഞ്ഞു.

ഇന്ത്യന്‍ മത നിരപേക്ഷത ആക്രമിക്കപ്പെടുമ്പോള്‍ അത് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യത പെട്ട കോണ്‍ഗ്രസ് എവിടെ എത്തി നില്‍ക്കുന്നു എന്നതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട് എന്നും എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ നാലപ്പത്തു കൊല്ലം ആയി തോറ്റുകൊണ്ടേ ഇരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും സ്വരാജ് പറഞ്ഞു.സമകാലിക ഇന്ത്യയില്‍ മത നിരപേക്ഷത അപകടകരം ആയ വെല്ലുവിളികളെ നേരിടുകയാണ്. അതിനെതിരെ മത നിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും സ്വരാജ് പറഞ്ഞു.
അദ്‌ലിയ ബാന്റ് സാങ് തായ് ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പി കെ രാജേഷ് അധ്യക്ഷനായി. സി വി നാരായണന്‍, മഹേഷ് മൊറാഴ എന്നിവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ