ദുബായ്: അമിതവേഗത്തില്‍ വാഹനം ഓടിച്ച വിനോദസഞ്ചാരിക്ക് ദുബായില്‍ മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പിഴ വിധിച്ചത് 1,70,000 ദിര്‍ഹം. അതായത് ഏകദേശം 31,84000 ലക്ഷം രൂപ. ഷെയ്ഖ് സായിദ് റോഡില്‍ മണിക്കൂറില്‍ 240 കി.മി. വേഗതയിലാണ് ഇയാള്‍ വാഹനം ഓടിച്ചത്. 1.3 മില്യണ്‍ ദിര്‍ഹം (ഏകദേശം നാല് കോടി രൂപ) വില വരുന്ന ലംബോര്‍ഗിനി ഹുരാകാന്‍ കാറാണ് നിയമം തെറ്റിച്ച് ഓടിയത്. ദുബായിലെ ഒരു സ്ഥാപനത്തില്‍ നിന്നും ഒരു ദിവസത്തേക്ക് വാടകയ്ക്ക് വാങ്ങിയ കാറാണിതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 30ന് വാങ്ങിയ കാര്‍ 31നാണ് തിരികെ നല്‍കേണ്ടിയിരുന്നത്. 31ന് പുലര്‍ച്ചെ 2.30നും 6 മണിക്കും ഇടയില്‍ ഷെയ്ഖ് സായിദ് റോഡിലെ എല്ലാ റഡാറുകളിലും കാറിന്റെ ഓട്ടം പിടിക്കപ്പെട്ടു. കൂടാതെ ഖ്വര്‍ണ് അല്‍ സബക് റോഡിലും ലംബോര്‍ഗിനി വേഗത്തില്‍ പോകുന്ന ദൃശ്യങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. അതേസമയം കാര്‍ വാടകയ്ക്ക് നല്‍കിയ സ്ഥാപനത്തോടാണ് പൊലീസ് പിഴയടക്കാന്‍ ആവശ്യപ്പെട്ടിട്ടുളളത്. ഡ്രൈവര്‍ക്കെതിരെയല്ല പൊലീസ് നടപടിയെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ സ്ഥാപനത്തിന്റെ പേരിലായതിനാലാണ് പൊലീസ് നോട്ടീസ് അയച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ ആള്‍ യൂറോപ്യന്‍ വംശജനാണ്. ഇയാള്‍ നാട്ടിലേക്ക് തിരികെ പോയതായാണ് വിവരം. സ്പീഡ് ക്യാമറകള്‍ 12 തവണയാണ് കാറിന്റെ അമിതവേഗത പിടിച്ചെടുത്തിട്ടുളളത്. മണിക്കൂറില്‍ 200 കി.മി. വേഗതയിലാണ് എല്ലാ നിയമലംഘനങ്ങളും. ഷെയ്ഖ് സായിദ് റോഡില്‍ മണിക്കൂറില്‍ 120 കി.മി. ആണ് പരമാവധി വേഗത. അതേസമയം അബുദാബിയിലേക്ക് പോകുന്ന വാഹനങ്ങളാണെങ്കില്‍ 140 കി.മി വേഗതയില്‍ ഓടിക്കാം. യുഎഇയിലെ പുതിയ ഗതാഗത നിയമപ്രകാരം അമിതവേഗതയ്ക്ക് 3000 ദിര്‍ഹം വരെ പിഴ ചുമത്താം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook