അബുദാബി: ലിവ ഈന്തപ്പഴ ഉത്സവത്തിന്റെയും ലേലത്തിന്റെയും ആദ്യ പതിപ്പ് ഒക്ടോബര്‍ 15 മുതല്‍ 24 വരെ അബുദാബി അല്‍ ദഫ്ര മേഖലയിലെ ലിവ സിറ്റിയില്‍ നടക്കും. ഈന്തപ്പന ഉല്‍പ്പാദനത്തിലും കൃഷിയിലുമുള്ള ഏറ്റവും പുതിയ രീതികളെക്കുറിച്ച് ലോകമെമ്പാടുമുള്ള കര്‍ഷകര്‍കര്‍ തമ്മില്‍ അറിവും വൈദഗ്ധ്യവും കൈമാറാന്‍ ലക്ഷ്യമിട്ടാണു മേള സംഘടിപ്പിക്കുന്നത്.
ഇതോടൊപ്പം പ്രാദേശികമായി വളര്‍ത്തുന്നതും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നുള്ളതുമായ ഈത്തപ്പഴ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള വേദികൂടിയാണ് ഈന്തപ്പഴ ഉത്സവവും ലേലവും. അബുദാബി സാംസ്‌കാരിക പരിപാടി-പൈതൃകോത്സവ സമിതി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
ഇന്റര്‍നാഷണല്‍ ഡേറ്റ്‌സ് വില്ലേജ്, ഏറ്റവും മനോഹരമായ പഴക്കൊട്ട, ഏറ്റവും മനോഹരമായ പൈതൃക ശില്‍പ്പം എന്നീ ഈന്തപ്പഴ മത്സരങ്ങള്‍, മാതൃകാ ഫാം തുടങ്ങിയവ മേളയുടെ ആകര്‍ഷണമായിരിക്കും.
ഈന്തപ്പഴ ഉല്‍പ്പന്ന പാക്കിങ്, അന്താരാഷ്ട്ര ഈന്തപ്പഴം, ഒലിവ്, മുരിങ്ങ പെരെഗ്രിന എണ്ണ മത്സരങ്ങളും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വിവിധ പൈതൃക പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ചിത്രരചന, ഫൊട്ടോഗ്രാഫി മത്സരങ്ങളും ഫെസ്റ്റിവല്‍ അരീനയില്‍ നടത്തും.
എമിറാത്തി പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശീയ ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി യു എ ഇയിലുടനീളം നടക്കുന്ന പൈതൃക, കാര്‍ഷിക പരിപാടികളുടെ ഭാഗമാണു ലിവ ഈന്തപ്പഴ ഉത്സവം.
പുരാതന എമിറാത്തി പൈതൃകവും അതിന്റെ സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദര്‍ശനചിന്തകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. യു എ ഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാ ഈന്തപ്പനത്തോട്ടങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കിയിരുന്നു.
അബുദാബിയുടെ സാംസ്‌കാരിക പൈതൃകം പ്രയോജനപ്പെടുത്തുന്നതിനും എമേറ്റിനെ വികസനകാര്യത്തില്‍ ലോകോത്തരമാക്കുന്നതിനും വ്യതിരിക്തമായ സുസ്ഥിര ലക്ഷ്യസ്ഥാനവുമായി ഉയര്‍ത്തുന്നതിനും അതുല്യമായ പ്രകൃതിദൃശ്യങ്ങള്‍, ചരിത്രപരമായ ഇടങ്ങള്‍, ലോകപ്രശസ്ത ആകര്‍ഷണങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ ഈ ബഹുമുഖ നഗരത്തിന്റെ സാംസ്‌കാരിക കാല്‍പ്പാടുകള്‍ അന്താരാഷ്ട്ര വേദികളില്‍ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുമായി ഈ ഉത്സവം ചേര്‍ന്നുനില്‍ക്കുന്നു.