മനാമ: ബഹ്‌റൈനിലെ ചില മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതു നിരോധിക്കണമെന്ന മുനിസിപ്പല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം വിവേചനപരമാണെന്ന പ്രതികരണവുമായി സാമൂഹിക നേതാക്കളും പൊതു പ്രവര്‍ത്തകരും രംഗത്ത്. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുന്നതിന് വിദേശികളില്‍ ചില വിഭാഗം ജോലിക്കാര്‍ക്കു ഡ്രൈവിങ് ലൈസന്‍സു നല്‍കുന്നത് നിരോധിക്കണണെന്ന നിര്‍ദ്ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലാണു മുന്നോട്ടു വച്ചത്.

രാജ്യത്ത് റോഡിലുള്ള 6,50,000 വാഹനങ്ങളില്‍ പകുതിയോളം വിദേശികളാണ് ഉപയോഗിക്കുന്നതെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. 2014 ല്‍ ഇത്തരമൊരു നീക്കം നടന്നപ്പോള്‍ വിവേചന പരവും ഭരണ ഘടനാ വിരുദ്ധവും എന്നു ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി തടഞ്ഞിരുന്നു. വിദേശികള്‍ എന്ന വേര്‍തിരിവില്ലാതെ പ്രത്യേക തൊഴില്‍ വിഭാഗങ്ങള്‍ക്കായി നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുമെന്ന് അന്ന് അഭിപ്രായമുണ്ടായി.
ഇത്തരത്തിലുള്ള വിവേചനപരമായ തീരുമാനങ്ങള്‍ നമ്മുടെ സമൂഹത്തിനു സ്വീകാര്യമല്ലെന്നു ബഹ്‌റൈന്‍ മനുഷ്യാവകാശ നിരീക്ഷണ സൊസൈറ്റി സെക്രട്ടറി ജനറല്‍ ഫൈസല്‍ ഫുലാദ് ചൂണ്ടിക്കാട്ടി.

ചില തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്കു ലൈസന്‍സ് നല്‍കുന്നതു നിരോധിച്ചതു കൊണ്ടു പരിഹരിക്കാവുന്നതല്ല ബഹ്‌റൈനിലെ ഗതാഗതക്കുരുക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്വീകരിക്കുന്ന വിവിധ പരിപാടികളെക്കുറിച്ചു പഠിക്കാന്‍ എന്തുകൊണ്ട് അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ചില സ്ഥലങ്ങളില്‍ വാരാന്ത്യങ്ങളില്‍ നിരോധനം, തിരക്കു പിടിച്ച സമയങ്ങളില്‍ ട്രക്കുകള്‍ക്കു നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രവാസികള്‍ മിക്കവാറും ഒരു വാഹനം ഉപയോഗിക്കുമ്പോള്‍ സ്വദേശികള്‍ ഒരു കുടുംബത്തില്‍ തന്നെ മൂന്നും നാലും കാറുകള്‍ ഉപയോഗിക്കുന്നതായാണു കണ്ടുവരുന്നതെന്നു മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ചെയര്‍പഴ്‌സണ്‍ മരിറ്റ ഡിയാസ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പൊതു ഗതാഗത സംവിധാനം വ്യാപകമാക്കാന്‍ കഴിഞ്ഞാല്‍ ഗതാഗതക്കുരുക്കിനു വലിയൊരളവോളം പരിഹാരം കാണാൻ കഴിയുമെന്നു ബഹ്‌റൈന്‍ ഫെഡറേഷന്‍ ഫോര്‍ എക്‌സ്പാട്രിയേറ്റ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ബെറ്റിസ് മാത്യൂസണ്‍ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടതെന്ന് അവര്‍ പറഞ്ഞു.

ബഹ്‌റൈനിലെ റോഡ് ശൃംഖല കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍ ഏതെങ്കിലും തൊഴില്‍ വിഭാഗത്തിനു ലൈസന്‍സ് നല്‍കാതിരുന്നതുകൊണ്ട് ഈ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയുമെന്നു തോനുന്നില്ലെന്നും പാക്കിസ്ഥാന്‍ ക്ലബ്ബ് ചെയര്‍മാന്‍ മഹമൂദ് റഫീഖ് പറഞ്ഞു. വിവിധ വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിയുന്ന ഒരു സമൂഹത്തില്‍ ഒരു തൊഴില്‍ വിവഭാഗത്തോടു വിവേചനം കാണിക്കുന്നത് ബഹ്‌റൈന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമത്വമെന്ന മാതൃകയ്ക്കു ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി തൊഴില്‍ തേടി വരുന്ന വിദേശികള്‍ക്ക് തൊഴില്‍ ഏതാണെന്നു നോക്കിയ ശേഷം ഡ്രൈവിങ് ലൈസന്‍സ് ആവശ്യമുള്ള വിഭാഗമാണോ എന്നു പരിശോധിച്ച് അനുമതി നല്‍കണമെന്നായിരുന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടത്. കൗണ്‍സില്‍ അംഗീകരിച്ച തീരുമാനം നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുകയാണ്. ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ പുറത്തു വിട്ട കണക്കനുസരിച്ച് 6,53,040 റജിസ്‌ട്രേഡ് വാഹനങ്ങളാണു രാജ്യത്തുള്ളത്. 8,99,874 ലേണേഴ്‌സ് ലൈസന്‍സ് കഴിഞ്ഞവര്‍ഷം വിതരണം ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ