റിയാദ്: അലാവുദ്ദീന്റെ അത്ഭുത വിളക്കല്ല, ഉദയകുമാറിന്റെ അറേബ്യൻ ഫാനൂസാണ് കാണികളെ അമ്പരിപ്പിക്കുന്നത്. റിയാദിലെ ഹൈപ്പർ മാർക്കറ്റ് ശൃഖലയായ അൽ മദീന ഗ്രൂപ്പിലെ എക്സിറ്റ് 21ലെ ശാഖയിലാണ് കാഴ്ചക്കാരിൽ അത്ഭുതമുണ്ടാക്കിയ ഫാനൂസ് പ്രദർശിപ്പിച്ചിട്ടുള്ളത്. അഞ്ച് മീറ്റർ ഉയരവും രണ്ടര മീറ്റർ വീതിയുമാണ്‌ ഫാനൂസിന്റെ വലിപ്പം. നാനൂറ് കിലോ തൂക്കമാണ് ആറ് മുഖങ്ങളുള്ള ഫാനൂസിനുള്ളത്. സ്റ്റീലും ഫ്‌ളക്‌സും ഉപയോഗിച്ചാണ് സൗദിയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ഫാനൂസ് നിർമിച്ചിട്ടുള്ളത്.

മലപ്പുറം സ്വദേശി ജാഫർ ഡിസൈൻ ചെയ്ത ഫാനൂസ്‌ നിർമിച്ചത് ആലപ്പുഴ സ്വദേശി ഉദയകുമാറാണ്. അറബ് സംസ്കാരത്തിന്റെ ദീപ്തമായ റമസാൻ സാന്നിധ്യമാണ് ഫാനൂസ്. ഈജിപ്ത് സിറിയ പാലസ്തീൻ തുടങ്ങിയ അറബ് രാജ്യങ്ങളിൽ നിന്നാണ് ഫാനൂസ് സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമെത്തിയത്. ഈജിപ്തിലാണ് ആദ്യമായി ഫാനൂസ് രൂപത്തിലുള്ള വിളക്കുകൾ നിർമിച്ചതെന്ന് കരുതപ്പെടുന്നു. കോപ്പറും സ്റ്റീലും ഉപയോഗിച്ചായിരുന്നു മുൻകാലങ്ങളിൽ ഫാനൂസ് നിർമിച്ചിരുന്നത്. ആവശ്യക്കാർക്കനുസരിച്ച് കളിമണ്ണ് മുതൽ സ്വർണം കൊണ്ട് വരെയുള്ള ഫാനൂസ് വിളിക്കുകൾ നിർമിക്കുന്ന ശിൽപികൾ സൗദിയിലുണ്ട്.

പ്ലാസ്റ്റിക്കിലും കാസ്റ്റ് അയേണിലും നിർമിച്ച ഫാനൂസുകളാണ് മാർക്കറ്റിൽ ചെറിയ വിലക്ക് ലഭ്യമാകുന്നത്. അഞ്ച് സൗദി റിയാലിൽ തുടങ്ങി അഞ്ഞൂറ് റിയാൽ വരെ വില വരുന്ന ഫാനൂസ് വിളക്കുകൾ മാർക്കറ്റിൽ ലഭ്യമാണ്. സ്വർണത്തിലും വെള്ളിയിലും പണിതീർത്ത ഫാനൂസുകൾ അറബികൾ അതിഥികൾക്ക് സമ്മാനമായി നൽകാൻ ഉപയോഗിക്കാറുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ