റിയാദ് : നിയമലംഘകരായി സൗദി അറേബ്യയിൽ തുടരുന്നവർക്ക് ആറ് മാസം തടവും അമ്പതിനായിരം സൗദി റിയാൽ പിഴയും നാട് കടത്തലും ശിക്ഷ നൽകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗത്തെ ഉദ്ദരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് മാർച്ച് 29 ന് പ്രഖ്യാപിച്ച പൊതുമാപ്പ് ജൂൺ അവസാന വാരം അവസാനിക്കുമെന്നാണ് ആദ്യം പറഞ്ഞത്.

എന്നാൽ കൂടുതൽ ആളുകൾക്ക് അവസരം പ്രയോജനപ്പെടുത്തുന്നതിനായി പിന്നീട് അവധി ഒരു മാസം കൂടി നീട്ടി നൽകി. ജൂലൈ 24 ന് പൊതുമാപ്പ് അവസാനിച്ചു. ആറ് ലക്ഷത്തിലധികം അനധികൃതരാണ് അവസരം ഉപയോഗപ്പെടുത്തിയത്. താമസ രേഖ കാലാവധി കഴിഞ്ഞവർ, സ്പോൺസർ ഹുറൂബ് (ഒളിച്ചോടി എന്ന് സ്റ്റാറ്റസ് രേഖപ്പെടുത്തിയവർ), അതിർത്തി നിയമം ലംഘിച്ച് രാജ്യത്ത് പ്രവേശിച്ചവർ. ഹജ്ജ് ഉംറ വിസകളിലെത്തി കാലാവധി കഴിഞ്‍ രാജ്യത്ത് കുടുങ്ങിയവർ, സന്ദർശക വിസ അസാധുവായവർ തുടങ്ങി ഒട്ടനവധി നിയമ ലംഘകർക്ക് വലിയ അനുഗ്രഹമായായിരുന്നു പൊതുമാപ്പ്. അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എല്ലാ എംബസ്സികളും സൗദി പാസ്പോർട്ട് വിഭാഗവും വിദേശികൾക്ക് നിരന്തരം മൊബൈൽ സന്ദേശങ്ങളും പത്ര വാർത്തകളും നൽകിയിരുന്നു.

“നിയമ ലംഘകരില്ലാത്ത രാജ്യം” എന്ന തലവാചകത്തിൽ സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി നടത്തിയ കാമ്പയിനിന്റെ പ്രചരണാർത്ഥം ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളിലെത്തിയിരുന്നു. മേഖലകളിലെ സാമൂഹ്യ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും യോഗം വിളിച്ച് അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനുള്ള അവസരം ഉപയോഗപ്പെടുത്താൻ വേണ്ട ബോധവൽകരണവും സഹായവും നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. അവസരങ്ങളൊന്നും ഉപയോഗപ്പെടുത്താതെ രാജ്യത്ത് നിയമലംഘകരായ തങ്ങുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനകം രാജ്യത്തിൻറെ തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പടെ പല നഗരങ്ങളിൽ നിയമ ലംഘകർക്കായി പോലീസ് പരിശോധന ആരഭിച്ചിട്ടുണ്ട്.


വാർത്ത : നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ