മനാമ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ ബഹ്‌റൈനിന്റെ പതാക പാറിച്ച് വനിതാ ഡോക്ടര്‍. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെ കണ്‍സള്‍ട്ടന്റ് ന്യൂറോ അനസ്തീഷ്യോളജിസ്റ്റവയ ഡോ. മില്‍ഡാ ഖലീല്‍ ആണ് അറബ് വനിതകളുടെ അഭിമാനം വാനോളമുയര്‍ത്തിയ ഈ നേട്ടം കൈവരിച്ചത്. 43 കാരിയായ ഇവര്‍ അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ടാന്‍സാനിയയിലെ ഉറങ്ങുന്ന അഗ്‌നിപര്‍വതമാണ് കിലിമഞ്ചാരോ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇതാണ്. താഴ്‌വരയില്‍ നിന്ന് 4,900 മീറ്റര്‍ ആണ് കൊടുമുടിയുടെ ഉയരം. സമുദ്ര നിരപ്പില്‍ നിന്ന് 5,895 മീറ്ററും ഉയരമുണ്ട്. ഒരു ഖത്തരി പൗരന്‍ 50-ാം വയസ്സില്‍ മലകയറ്റം നടത്തിയ വാര്‍ത്തയാണു തനിക്കു പ്രചോദനമായതെന്ന് ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് ഒരു വനിതക്കു കൊടുമുടിയില്‍ എത്തിക്കൂട എന്നും എന്തുകൊണ്ട് ഒരു വനിതാ ഡോക്ടര്‍ക്കു മലകയറിക്കൂടാ എന്നുമുള്ള ചിന്തയില്‍ നിന്നാണു കൊടുമുടി കയറാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് അവര്‍ പറയുന്നു. പല വനിതകളും ഇത്തരം സാഹസങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു ഡോക്ടര്‍ കൊടുമുടി കീഴടക്കിയതിനെ കുറിച്ചു കേട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ബഹ്‌റൈനിന്റെ കൊടി കൊടുമുടിയില്‍ ചൂടാന്‍ വേണ്ടി തീരുമാനിച്ച ശേഷം അതിനായി ശാരീരിക, മാനസിക പരിശീലനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. അഞ്ചു തവണ ഈ കൊടുമുടി കീഴടക്കിയ ഒരാള്‍ നയിക്കുന്ന ഒമാനിലുള്ള ഒരു സംഘമാണു തനിക്ക് ഇതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ആ സംഘത്തിലുള്ളവരെല്ലാം ഗള്‍ഫ്, മുസ്‌ലിം പ്രതിനിധികളായിരുന്നതിനാല്‍ ഒരേ സാംസ്‌കാരിക അന്തരീക്ഷം നിലനിര്‍ത്താന്‍ കഴിഞ്ഞു. സംഘത്തില്‍ താനും ഒരു ഒമാനി വനിതയും ഒഴികെ എല്ലാവരും പുരുഷന്‍മാരായിരുന്നു. അഞ്ചു ദിവസം കൊണ്ടാണു കൊടുമുടിയുടെ മുകളില്‍ എത്തിയത്. ഇറങ്ങാന്‍ രണ്ടു ദിവസവും വേണ്ടി വന്നു.

മലകയറ്റത്തിനിടെ വരാനിടയുള്ള രോഗങ്ങളെക്കുറിച്ചു പഠിക്കുകയും അതിനനുസൃതമായി ശരീരം പാകപ്പെടുത്തുകയും ചെയ്തതായി അവര്‍ വ്യക്തമാക്കി. ആഗ്രഹത്തെ യാഥാര്‍ഥ്യമാക്കുന്നതിനു തനിക്ക് ഒട്ടേറെ തയ്യാറെടുപ്പുകള്‍ ആവശ്യമായി വന്നു. ഒരു ജിമ്മില്‍ നിന്നു ശാരീരിക ക്ഷമത കൈവരിക്കുന്നതിനുള്ള ദീര്‍ഘമായ പരിശീലനം നേടി. മാനസികമായ തയ്യാറെടുപ്പായിരുന്നു ഏറ്റവും പ്രധാനം. കൊടുമുടിയില്‍ നെഗറ്റീവ് 15 ഡിഗ്രി സെല്‍ഷ്യസ്സിലാണു തണുപ്പ് അനുഭവപ്പെടുന്നത്. മഴയും മഞ്ഞുവീഴ്ചയും സംഭവിക്കുന്നു. ഇതെല്ലാം അതിജീവിച്ച് ദിവസം എട്ടുമുതല്‍ ഒമ്പതു മണിക്കൂര്‍ വരെയാണു മലകയറിയത്. ജൂലൈ 26 നു മഹത്തായ ലക്ഷ്യം പൂര്‍ത്തീകരിച്ചുകൊണ്ടു കൊടുമുടിയില്‍ എത്തി. കൊടുമുടിയില്‍ എത്തി ബഹ്‌റൈന്‍ ദേശീയ പതാക ഉയര്‍ത്തിയത് ഏറെ അഭിമാനത്തോടെയായിരുന്നു. കൊടുമുടിയില്‍ ഒരു രാത്രി കഴിച്ചുകൂട്ടിയത് ഏറ്റവും ദുഷ്‌കരമായിരുന്നു. ശാരീരികവും മാനസികമായും ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് ഈ സന്ദര്‍ഭത്തിലായിരുന്നു. ഒരു വര്‍ഷത്തെ അധ്വാനത്തിന്റെ സഫലീകരണമായിരുന്നു അത്.

അസാധ്യമായി ഒന്നുമില്ലെന്ന സന്ദേശമാണു തനിക്കു വനിതകള്‍ക്കു നല്‍കാനുള്ളത്. മലകയറ്റം നമ്മെ എല്ലാ സുരക്ഷിത സ്ഥാനങ്ങളില്‍ നിന്നും പുറത്തു കടത്തുന്നു. കായിക രംഗത്ത് ജീവിതത്തില്‍ ഒരു പങ്കും വഹിക്കാത്ത താന്‍ ഇത്തരമൊരു ആഗ്രഹം സഫലീകരിച്ചുവെങ്കില്‍ ആര്‍ക്കും ഏതു ലക്ഷ്യവും കരസ്ഥമാക്കാന്‍ കഴിയുമെന്നാണു വ്യക്തമാവുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മൂന്നു പെണ്‍കുട്ടികളുടെ മാതാവാണ്. ഇളയ കുട്ടിക്കു 12 വയസ്സ്. പെണ്‍കുട്ടികള്‍ക്ക് അസാധ്യമെന്നു പറയാന്‍ ഒന്നുമില്ലെന്ന സന്ദേശം മക്കള്‍ക്കു പകര്‍ന്നു നല്‍കാന്‍ ഈ നേട്ടം വഴിതുറന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശരിയായ മാനസികാവസ്ഥയും സ്വന്തമായ തയ്യാറെടുപ്പുമാണ് എല്ലാ വിജയത്തിനു പിന്നിലുമെന്നു മക്കള്‍ക്കു മനസ്സിലാക്കി കൊടുക്കാന്‍ എനിക്കു സാധിച്ചു. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പലരും കളിയാക്കി. തനിക്കു വട്ടാണോ എന്നു ചോദിച്ചു. മലകയറിയിട്ട് എന്തുകിട്ടാനാണെന്നു കളിയാക്കി. ഇത്തരം പരിഹാസങ്ങളെ വകവെക്കാതെ മുന്നോട്ടു പോവുകയെന്നാണു തനിക്കു പറയാനുള്ളത്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി ഫഈഖ അല്‍ സലേഹുമായി അവര്‍ കൂടിക്കാഴ്ച നടത്തി. ഈ നേട്ടം കൈവരിച്ചതിനു മന്ത്രി അവരെ പ്രശംസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook