റിയാദ് : തലസ്ഥാന നഗരിയുടെ വ്യാവസായിക നഗരമായ ബത്ഹ കേന്ദ്രീകരിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന സജീവം. സ്വദേശികൾക്കായി സംവരണം ചെയ്ത തസ്തികകളിൽ വിദേശികൾ ജോലി ചെയ്യുന്നുണ്ടോ എന്നാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
താമസ രേഖയായ ഇഖാമയിൽ രേഖപ്പെടുത്തിയ പദവിയിലാണോ ജോലി ചെയ്യുന്നത് എന്നും പരിശോധിക്കുന്നുണ്ട്. സ്വദേശികളുടെ തസ്കകളിൽ വിദേശികൾ ജോലി ചെയ്‌യുന്നത് പിടിക്കപ്പെട്ടാൽ ഇരുപതിനായിരം സൗദി റിയാൽ പിഴ ചുമത്തുന്നുണ്ട്. ജോലി ചെയ്യുന്നത് സ്‌പോൺസറുടെ കീഴിലല്ലെന്ന് ബോധ്യപ്പെട്ടാൽ ജോലി ചെയ്യുന്നയാൾക്കും. തൊഴിൽ നൽകിയ സ്ഥാപനത്തിനും പിഴ ചുമത്തുന്നുണ്ട്. ഇതിന് പുറമെ റോഡിലും നടവഴികളിലും പോലീസ് പരിശോധന നടക്കുന്നുണ്ട്. സൗദി പാസ്പോർട്ട് വിഭാഗവും തൊഴിൽ മന്ത്രാലയും ഒരുമിച്ചാണ് ചെറുകിട സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.
അതെ സമയം തൊഴിൽ മന്ത്രാലയം  പരിശോധന നടത്തുമ്പോൾ കണ്ടെത്തുന്ന നിയമ ലംഘകരെ അറസ്റ്റ് രേഖപ്പെടുത്തുന്നില്ല. ഇഖാമ നമ്പറിൽ നിയമ ലംഘനം രേഖപ്പെടുത്തും. പിന്നീട് പിഴ അടച്ചതിന് ശേഷം മാത്രമാണ്  ഇഖാമ പുതുക്കുവാനോ എക്‌സിറ്റ് റീ എൻട്രി നേടുവാനോ സാധ്യമാകുക. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനും പിഴ അടക്കണം. തൊഴിലുടമക്ക് ചുമത്തിയ പിഴ അടക്കും വരെ   വർക്ക് പെർമിറ്റ് പുതുക്കൽ, പ്രൊഫെഷൻ മാറ്റൽ തുടങ്ങിയ സ്ഥാപനത്തിനുള്ള തൊഴിൽ മാന്ത്രാലയത്തിന്റെ  എല്ലാ സേവനങ്ങളും താൽകാലികമായി മരവിപ്പിക്കും.
ഹാര, മലസ് ,ശുമൈസി, തുടങ്ങിയ സ്ഥലങ്ങളിൽ ദിനേന നൂറ് കണക്കിന് നിയമ ലംഘകരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. നീണ്ട കാലത്തെ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താതെ രാജ്യത്ത് തങ്ങിയവരാണ് പിടിക്കപ്പെടുന്നവരിൽ കൂടുതൽ. വരും ദിവസങ്ങളിൽ മന്ത്രാലയങ്ങൾ ഒന്നിച്ച് പരിശോധന ശക്തമാകാൻ സാധ്യത കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ