ദുബായ്: നയതന്ത്ര ബന്ധം വിച്ഛേദിച്ച രാജ്യങ്ങളുമായി ഖത്തർ ചർച്ചയ്ക്ക് തയാറാണെന്ന് കുവൈത്ത്. അയൽരാജ്യങ്ങളുടെ ആശങ്കകൾ ഖത്തർ മനസ്സിലാക്കുന്നുവെന്നും എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ സബാ പറഞ്ഞു.

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീറിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, യുഎഇ ഭരണാധികാരികളുമായും ഖത്തർ അമീറുമായും കുവൈത്ത് ഭരണാധികാരി കൂടിക്കാഴ്ച നടത്തിയിരുന്നു. റമസാൻ മാസത്തിൽ തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾ നടത്തിയത്. ഈ ചർച്ചകൾ ഫലം കാണുമെന്നും പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, ഇറാന്റെ രണ്ടു യുദ്ധക്കപ്പലുകൾ ഒമാൻ തീരത്ത് പട്രോളിങ് നടത്തുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതു ചെറിയ രീതിയിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഒമാന്‍ തീരം വഴി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കു ഗള്‍ഫ് ഏദന്‍ ഭാഗത്ത് നങ്കൂരമിടാനാണ് കപ്പലുകള്‍ പദ്ധതിയിടുന്നതെന്നാണ് വിവരം. എന്നാല്‍ പതിവ് പട്രോളിങ്ങിന്റെ ഭാഗമായാണ് യുദ്ധക്കപ്പലുകള്‍ ഒമാന്‍ തീരത്തെത്തിയതെന്നും റിപ്പോർട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ