കുവൈറ്റ് സിറ്റി: കേരളത്തിലെ നഴ്‌സിങ് സമൂഹം യൂ. എന്‍. എ. യുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരത്തിന് നേടിയ വിജയത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുവാനും, സംഘടനയുടെ മുന്നോട്ടുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈത്താങ്ങായി തങ്ങള്‍ സ്വരൂപിച്ച തുക കൈമാറുന്നതിനുമായി കുവൈത്തിലെ മലയാളി നഴ്‌സുമാർ യോഗം ചേർന്നു.
കുവൈത്തിലെ പ്രവാസി നഴ്‌സിങ് ജീവനക്കാരുടെ സംഘടനയായ ഫിന (FINA) യാണ് വ്യത്യസ്തമായ ഈ ഒത്തുചേരല്‍ സംഘടിപ്പിച്ചത്.

അംഗങ്ങളില്‍ നിന്ന് സമാഹരിച്ച 1,93,000/- (ഒരുലക്ഷത്തി തൊണ്ണൂറ്റിമൂവായിരം) രൂപയാണ് സംഘടന യൂ. എന്‍. എ. യുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് കഴിഞ്ഞദിവസം അയച്ചത്. പൊതുസമൂഹവും, പ്രവാസിസമൂഹവും ഒരുപോലെ ഏറ്റെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നേഴ്സുമാരുടെ സമരത്തിന് കുവൈത്തിലെ നഴ്സിംഗ് സമൂഹവും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും, നിറഞ്ഞ പിന്തുണയാണ് നല്‍കിയത്.

സ്വാകാര്യ ആശുപത്രി മാനേജുമെ൯റുകളുടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നിലും മുട്ടുമടക്കാതെ സമരമുഖത്ത്‌ സധൈര്യം മുന്നേറി അര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്‌സിങ് സമൂഹത്തിനെയും, സമരത്തിന് നെടുനായകത്വം വഹിച്ച സ്വതന്ത്ര സംഘടനയായ യൂ. എന്‍. എ. യെയും അഭിനന്ദിക്കുകയും, ഈ മേഖലയിലെ ചൂഷണങ്ങള്‍ക്കെതിരായും, നഴ്‌സിങ് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായും മേലിലും നിലകൊള്ളുവാന്‍ ഈ കൂട്ടായ്മക്ക് കഴിയട്ടെയെന്നും യോഗം ആശംസിച്ചു.

അബ്ബാസിയ പോപ്പിന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നൂറുകണക്കിന് പ്രവാസി സുഹൃത്തുക്കള്‍ യൂ. എന്‍. എ. ക്ക്‌ അഭിനന്ദനങ്ങളുമായി എത്തിച്ചേര്‍ന്നു. അസോസിയേഷന്‍ പ്രസിഡണ്ട്‌ സെബാസ്റ്റ്യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, ജനറല്‍സെക്രട്ടറി മെജിത്ത്, ജനറല്‍ കൺവീനര്‍ നിബു പാപ്പച്ചന്‍, ട്രഷറര്‍ നിതിഷ് എന്നിവർ സംസാരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Overseas news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ