കുവൈത്ത് സിറ്റി: കുവൈത്തിലെ തന്‍റെ മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും വെനിസുല, മ്യാന്‍മാര്‍, ജപ്പാന്‍, അമേരിക്ക, കസാക്കിസ്ഥാന്‍ തുടങ്ങി രാജ്യങ്ങളിലുമായി നാല്പത് വര്‍ഷത്തോളം നീണ്ട തന്‍റെ ഔദ്യോഗിക ജീവിതത്തിനു ഇതോടെ വിരാമമിടുകയാണ്‌ അദ്ദേഹം.

ഇന്ത്യയില്‍ ഇന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്പോൺസര്‍മാര്‍ ഗ്യാരന്റി പണം കെട്ടിവയ്ക്കണമെന്ന നിബന്ധന കൊണ്ടുവന്ന അംബാസഡറുടെ നടപടി ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് ഇന്ത്യയിലെ അംഗീകൃത ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇടപെടലും സുനില്‍ ജെയിന്‍റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. എന്നാല്‍ ചില വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടപടികളും ഇക്കാലയളവില്‍ ഉണ്ടായി. അതില്‍ പ്രധാനം കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിച്ചുകൊണ്ടിരുന്ന സമയത്ത് മോദിയായിരിക്കും അടുത്ത പ്രധാമന്ത്രി എന്ന പ്രസ്തവാനയായിരുന്നു. അതുപോലെ ഇന്ത്യന്‍ എംബസിയില്‍ ഗണപതി വിഗ്രഹം സ്ഥാപിച്ച നടപടിയും വിവാദങ്ങള്‍ക്ക് ഇടനല്‍കി. എന്നാല്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മനസ്സിലാക്കി അത് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.

പാസ്പോര്‍ട്ട് സേവന സംവിധാനങ്ങള്‍ വിപുലപ്പെടുത്തല്‍, എംബസി ഓഡിറ്റോറിയം ഇന്ത്യന്‍ സംഘടനകളുടെ പരിപാടികള്‍ക്ക് വിട്ടുനല്‍കല്‍, വേഗത്തില്‍ പാസ്പോര്‍ട്ട് അനുവദിക്കാനുള്ള സംവിധാനം തുടങ്ങി പ്രവര്‍ത്തനങ്ങളും സുനില്‍ ജെയിന്‍റെ കാലത്ത് നടന്ന വേറിട്ട ഇടപെടലുകളായിരുന്നു. സജീവമായ മൂന്നര വര്‍ഷത്തെ സേവന കാലഘട്ടം പൂര്‍ത്തിയാക്കി പിരിയുന്ന ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ മറ്റ് സ്ഥാനപതിമാരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയ ഉദ്ദ്യോഗസ്ഥനായിരുന്നു എന്ന കാര്യത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് രണ്ടഭിപ്രായമില്ല.

തിരിച്ചു പോക്കിന് മുന്നോടിയായി ഇന്നലെ സുനില്‍ ജെയിന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍-അഹമദ് അല്‍-ജാബര്‍ അല്‍ സബയുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. ഡോ. ഗാര്‍ഗി ജെയിനാണ് ഭാര്യ. അമേരിക്കയില്‍ ഫിനാഷ്യല്‍ അനാലിസ്റ്റായി ജോലി ചെയ്യുന്ന സിദ്ദാര്‍ഥ്‌ മകനും അമേരിക്കയില്‍ തന്നെ പഠനം തുടരുന്ന മാളവിക മകളുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ